പത്തനാപുരത്ത് സ്ഫോടകവസ്തു ശേഖരം കണ്ടെത്തി ; തീവ്രവാദ ബന്ധമുണ്ടോ എന്നതും അന്വേഷിക്കും

Jaihind Webdesk
Monday, June 14, 2021

 

കൊല്ലം : പത്തനാപുരം പാടത്ത് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുശേഖരം കണ്ടെത്തി. വനം വകുപ്പിന്‍റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.  ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്

വനംവകുപ്പിന്‍റെ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍, നാല് ഡിറ്റണേറ്ററുകള്‍, ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സ്ഫോടകവസ്തുക്കള്‍ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് മനസിലാക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ചിലര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ക്യാമ്പ് നടത്തിയിരുന്നതായി നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, ഡി.ജി.പിക്ക് വിവരം കൈമാറിയിരുന്നു. അന്വേഷണം ഈ ദിശയിലായേക്കുമെന്നാണ് സൂചന.