ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്ഫോടനം. കാണ്‍പൂരിലെ തിരക്കേറിയ മെസ്റ്റണ്‍ റോഡിലെ മിശ്രി ബസാറിലാണ് ബുധനാഴ്ച വൈകുന്നേരം സ്ഫോടനമുണ്ടായത്. മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേല്ക്കറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയുമാണ്. മൂല്‍ഗഞ്ചിലെ മിശ്രി ബസാറിലുള്ള ഒരു പ്ലാസ്റ്റിക് കടയ്ക്ക് പുറത്താണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന പടക്കങ്ങളോ അല്ലെങ്കില്‍ ഒരു ബാറ്ററിയോ പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. സ്ഫോടനത്തിന്റെ ശബ്ദം ഏകദേശം 500 മീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കാല്‍നടപ്പാതയിലെ കടകള്‍ ചിതറിപ്പോകുകയും സമീപത്തെ വീടുകളുടെ ജനലുകള്‍ തകരുകയും ചെയ്തു. സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ പുകയും തീയും കമ്പോളത്തില്‍ വലിയ പരിഭ്രാന്തി പരത്തി.
നിലവില്‍, സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും പരിശോധന തുടരുകയാണ്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുമായി പൊലീസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.