കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറി: ആരോഗ്യവകുപ്പിനെതിരെ കോണ്‍ഗ്രസ്

Jaihind News Bureau
Saturday, May 3, 2025

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറിയില്‍ ആരോഗ്യവകുപ്പിനെതിരെ കോണ്‍ഗ്രസ്. അന്വേഷണം പ്രഖ്യാപിച്ചാല്‍ മാത്രം പോരെന്നും ആരോഗ്യമന്ത്രി നേരിട്ടെത്തിണമെന്നും ഡി.സി.സി.പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. കെട്ടിടം നിര്‍മിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ആപോപണം ഉയരുന്നു. അപകടം ഉണ്ടായപ്പോള്‍ എമര്‍ജന്‍സി എക്‌സിറ്റ് ഇല്ലാതിരുന്നത് വീഴ്ചയെന്നും രോഗികളെ എത്തിച്ച സ്വകാര്യ ആശുപത്രികള്‍ പണം ആവശ്യപ്പെട്ടെന്നും കെ.പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തി.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ 5 പേര്‍ മരിച്ചതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് ടി സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എം.കെ രാഘവന്‍ എം.പി മെഡിക്കല്‍ കോളേജിലെത്തി. സ്റ്റാഫിന്റെ എണ്ണത്തിലുണ്ടായ വീഴ്ചകള്‍ എണ്ണി പയറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരിച്ചവരില്‍ ഒരാളായ നാസിറയ്ക്ക് വെന്റിലേറ്റര്‍ ലഭ്യമായില്ലെന്ന് കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. അത്യാഹിത ഐ.സി.യുവില്‍ വെന്റിലേറ്റര്‍ സഹായത്തെടെ ചികില്‍സയിലായിരുന്നു നാസിറ. പുക ഉയര്‍ന്നപ്പോള്‍ എ.സി.യുവിലേക്ക് മാറ്റി. 15 മിനിറ്റോളം നാസിറയ്ക്ക് വെന്‍റിലേറ്റര്‍ സഹായം ലഭിച്ചില്ല. വിഷം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു നാസിറയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എമര്‍ജന്‍സി ബ്ലോക്കിലെ വാതില്‍ തകര്‍ത്താണ് രോഗികളെ മാറ്റിയത്.