കൊവിഡ് വന്നവര്‍ വാക്സിന്‍ സ്വീകരിക്കേണ്ടത് 6 മാസത്തിന് ശേഷമെന്ന് വിദഗ്ധ സമിതി

ന്യൂഡൽഹി : കൊവിഷീൽഡ് വാക്സിന്‍റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സർക്കാരിന്‍റെ വിദഗ്ധ സമിതി. കൊവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷമേ വാക്സിൻ സ്വീകരിക്കാന്‍ പാടുള്ളൂ. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗമുക്തി നേടി 4–8 ആഴ്ചകൾക്കുള്ളിൽ വാക്സിൻ എടുത്താൽ മതിയെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.

രണ്ടാമത്തെ ഡോസ് കൊവിഷീൽഡ് വാക്സിൻ 12 മുതൽ 16 ആഴ്ചയ്ക്കിടയിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. നിലവിൽ രണ്ടാമത്തെ ഡോസ് ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിൽ എടുക്കണമെന്നായിരുന്നു നിർദേശം. കൊവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്സിൻ സ്വീകരിക്കാവൂ എന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. നീതി ആയോഗ് അംഗം വി.കെ പോൾ നേതൃത്വം നൽകുന്ന നാഷനൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്‍റേതാണ് ശുപാശകൾ.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ എടുക്കാവുന്നതാണെന്നും ഇക്കാര്യതത്തില്‍ ഇവര്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും സമിതി നിര്‍ദേശിച്ചു. നിലവിൽ ഇവർ വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ പട്ടികയിലില്ല. വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ നാഷനൽ എക്സപർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷന്‍റെ അംഗീകാരത്തിനു ശേഷമേ പ്രാബല്യത്തില്‍ വരൂ.

Comments (0)
Add Comment