വയനാട്: വയനാട്ടിൽ ഉണ്ടായത് ഭൂമി കുലുക്കം അല്ലെന്ന് ജില്ലാ കളക്ടർ മേഘശ്രീ. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ കുലുക്കവും, ശബ്ദവും ഉണ്ടാവാറുണ്ട് എന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. സംസ്ഥാനത്തെ ഒരു ഭൂകമ്പ മാപിനിയിലും ഇന്ന് ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല എന്ന് നാഷനൽ സീസ്മോളജിക് സെന്‍ററും വ്യകതമാക്കി.
ഇന്ന് രാവിലെയാണ് വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിൽ കുലുക്കവും, ശബ്ദവും ഉണ്ടായത്. പൊഴുതന, സുഗന്ധഗിരി, സേട്ടുക്കുന്നു, കാരറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കുംതറ, മേൽമുറി, കുറിച്യർമല, അമ്പുകുത്തി, അമ്പലവയൽ, കണിയാമ്പറ്റ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമിയ്ക്ക് ഇളക്കവും, ശബ്ദവും ഉണ്ടായത്. പിന്നാലെ പത്തനംതിട്ട കോന്നി, കോഴിക്കോട് കൂടരഞ്ഞി, പാലക്കാട് ചളവറ പുലാക്കുന്ന്, അകലൂർ, പനമണ്ണ, കോതക്കുർശ്ശി, വാണിയംകുളം, പനയൂർ, വരയോട്, വീട്ടാമ്പാറ തുടങ്ങിയ സ്ഥലങ്ങളിലും ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, സംസ്ഥാനത്തിനകത്തോ, സമീപപ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലന മാപിനികളിൽ ഒന്നും ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ പല തട്ടുകളിലായി വലിയ മണ്‍കൂനകള്‍ ഉണ്ടാകാറുണ്ട്. ഈ പാളികള്‍ ഇളകി നിരപ്പായ നിലയിലെത്തുന്നത് ഇത്തരം പ്രദേശങ്ങളില്‍ സ്വാഭാവികമാണ്. ഭൂമിക്കടിയിലെ മണ്‍പാളികള്‍ തമ്മിലുള്ള ഘര്‍ഷണം പ്രദേശത്ത് കുലുക്കവും ശബ്ദവും സൃഷ്ടിക്കാറുണ്ട്. വയനാട്ടില്‍ പല സ്ഥലങ്ങളിലും ഇതാകാം അനുഭവപ്പെട്ടതെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിനകത്തും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളില്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജിയും, ന്യൂഡല്‍ഹിയിലെ ഭൗമശാസ്ത്ര മന്ത്രാലയവും സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്.