പിണറായി പ്രവാസികള്‍ക്ക് നല്‍കിയ മുന്‍വാഗ്ദാനങ്ങള്‍ ജലരേഖ മാത്രം; അമര്‍ഷം ശക്തം

പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷമുള്ള, ആദ്യ വിദേശ സന്ദർശനത്തിന്‍റെ ഭാഗമായി, ദുബായിൽ, 22 മാസങ്ങൾക്ക് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്ന് പോലും, നടപ്പാക്കിയില്ലെന്ന ആക്ഷേപം ഉയരുന്നു. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആറ് മാസത്തെ ശമ്പളം, പ്രവാസി വിദ്യാർഥികൾക്കായി ചെലവ് കുറഞ്ഞ കേരള പബ്‌ളിക് സ്‌കൂൾ, റസിഡൻഷ്യൽ ടൗൺഷിപ്പ് തുടങ്ങിയ വാഗ്ദാനങ്ങൾക്ക്  ഒരു നടപടിയും ഉണ്ടായില്ലെന്നാണ് പ്രവാസികളുടെ പരാതി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശത്തോടെ, ഈ വാഗ്ദാന പെരുമഴയായ പ്രസംഗം, വീണ്ടും സജീവ ചർച്ചയാകുന്നു.

2016 ഡിസംബർ 23 ന്, ദുബായ് മീഡിയാ സിറ്റി അങ്കണത്തിലാണ്, ഒരു മണിക്കൂർ 15 മിനിറ്റ് നീണ്ട ഈ പ്രസംഗം നടത്തിയത്. രാഷ്ട്രീയം മറന്ന്, നിറഞ്ഞ കൈയ്യടികളോടെ, പ്രവാസികൾ പിന്തുണച്ച, ഈ വാഗ്ദാനങ്ങളിൽ, ഒന്ന് പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. പ്രവാസ ലോകത്ത് , തൊഴിൽ നഷ്ടപ്പെടുന്നവർക്ക് , മറ്റൊരു തൊഴിൽ ലഭിക്കുന്നതു വരെ, നൽകുമെന്ന് പ്രഖ്യാപിച്ച, ആറ് മാസത്തെ ശമ്പളവും സ്‌പെഷ്യൻ പെൻഷനും ആർക്കും കിട്ടിയില്ല. ഒരാൾക്ക് പോലും , ഇത്തരത്തിൽ സഹായം നൽകാൻ കേരള സർക്കാരിന് കഴിഞ്ഞതും ഇല്ല. മറിച്ച്, ഇപ്പോൾ, പ്രവാസികളിൽ നിന്ന് സാമ്പത്തിക സഹായം തേടി എത്തുകയാണ് ചെയ്തിരിക്കുന്നത്.

പ്രവാസി വിദ്യാർഥികൾക്കായി പ്രഖ്യാപിച്ച, ചെലവ് കുറഞ്ഞ കേരള പബ്‌ളിക് സ്‌കൂൾ, വാടക കുറഞ്ഞ താമസ പദ്ധതിയായ, റസിഡൻഷ്യൽ ടൗൺഷിപ്പ് തുടങ്ങീ പ്രഖ്യാപനങ്ങളും ഇതോടൊപ്പം ജലരേഖയായി.

ഡിസംബറിലെ കടുത്ത തണുപ്പിലാണ്, ആയിരങ്ങളെ ആവേശം കൊള്ളിച്ച , ഈ ദീർഘമായ പ്രസംഗം നടത്തിയത്.

CM Pinarayi Vijayan
Comments (1)
Add Comment