പ്രവാസികള്‍ സര്‍ക്കാരിന്‍റെ ക്വാറന്‍റീനില്‍ 14 ദിവസം കഴിയണം; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

Jaihind News Bureau
Friday, May 15, 2020

Kerala-High-Court

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ 14 ദിവസം സര്‍ക്കാരിന്‍റെ ക്വാറന്‍റീനില്‍ കഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സര്‍ക്കാര്‍ ക്വാറന്‍റീന്‍ ഏഴു ദിവസമായി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ഇതേ ആവശ്യം ഉന്നയിച്ച്‌ നേരത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.ഏഴു ദിവസം സര്‍ക്കാരിന്‍റെ ക്വാറന്‍റീനില്‍ കഴിഞ്ഞ ശേഷം രോഗമില്ലെങ്കില്‍ ബാക്കിയുള്ള ഏഴു ദിവസം അവരവരുടെ വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. ഇതേ ആവശ്യം തന്നെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെയും അറിയിച്ചിരുന്നു.

തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുത്ത് അറിയിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്‍റീനില്‍ 14 ദിവസം കഴിയണമെന്നാണ് മാനദണ്ഡം. നിലവില്‍ ഇതില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു, സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ദ സമിതി പരിശോധിച്ചിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി