പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരാന്‍ നിര്‍വാഹമില്ല; വിമാനസര്‍വീസ് തുടങ്ങുന്നത് വരെ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാൽ നിലവിൽ കേന്ദ്രസർക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹർജികൾ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു.

ഗൾഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കമുള്ള പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ലീഗൽ സെൽ, എം കെ രാഘവൻ എംപി ഉൾപ്പടെയുള്ളവര്‍ നല്‍കിയ ഹർജികളാണ് പരിഗണിച്ചത്. സർക്കാർ ഇടപെടുന്നുണ്ടെന്നും ഇന്ത്യക്കാർ സുരക്ഷിതരാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. സുരക്ഷിതരാണെങ്കിൽ പിന്നെ എന്തിനാണ് വരുന്നതെന്ന് ചോദിച്ച ജസ്റ്റിസ് നാഗേശ്വർ റാവു സുരക്ഷിതരാണെങ്കിൽ എവിടെയാണോ ഉള്ളത്, അവിടെ തുടരണമെന്നും പറഞ്ഞു.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് യുഎഇ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിദേശമന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ അറിയിച്ചെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് വിശദീകരണം.

ഇതേത്തുടർന്ന് പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിദേശരാജ്യങ്ങളെ അറിയിച്ചു. വിമാനസര്‍വീസ് തുടങ്ങുന്നത് വരെ സമയം വേണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളോടും താമസസ്ഥലത്ത് തന്നെ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരന്‍ജിത് സിംഗ് സന്ധു ആണ് ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെ നിര്‍ദേശിച്ചത്.

supreme courtexpatriatesTaranjit Singh Sandhu
Comments (0)
Add Comment