പ്രവാസികളുടെ മടക്കയാത്ര : നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ എംബസികളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം : ‘ഡബിള്‍ പണി’ കിട്ടി മലയാളികള്‍; വെബ്‌സൈറ്റിനും തടസ്സങ്ങള്‍

B.S. Shiju
Thursday, April 30, 2020

 

ദുബായ് : ദുബായ് : പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ വിവര ശേഖരണം തുടങ്ങി. മടക്കയാത്ര ആസൂത്രണം ചെയ്യാന്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ എന്നും, മടക്കയാത്ര സംബന്ധിച്ച മറ്റു തീരുമാനങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അബുദാബി ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അതേസമയം, കേരള സര്‍ക്കാരിന്റെ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യണമെന്ന് വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള എംബസികള്‍ വ്യക്തമാക്കി. നോര്‍ക്കയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരും ദുബായ് കോണ്‍സുലേറ്റ് ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന്, കോണ്‍സല്‍ ജനറല്‍ വിപുല്‍ ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഇതോടെ, മലയാളികള്‍ക്ക് വീണ്ടും രജിസ്‌ട്രേഷന്‍ എന്നത് ‘ഡബിള്‍ പണി’യായതായി ആക്ഷേപമുണ്ട്. ഇതോടെ,  തിരക്ക് മൂലം മിക്കയിടത്തും എംബസികളുടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനം ഇടയ്ക്കിടെ തകരാറിലാകുന്നതായും പരാതി ഉയര്‍ന്നു.

മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്‌സൈറ്റുകളിലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. യു എ ഇ യിലുള്ളവര്‍ https://www.cgidubai.gov.in/covid_register/ എന്ന സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ എന്ന് എംബസികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും വേറെ വേറെ രജിസ്‌ട്രേഷന്‍ നിര്‍വഹിക്കണം. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അതിനാല്‍, ഇതും തിരക്ക് അനിയന്ത്രിതമായി കൂടാനും ,വെബ്‌സൈറ്റ് പ്രവര്‍ത്തനം മന്ദഗതിയിലാകാനും കാരണമായി.

എന്നാല്‍, യാത്രാവിമാനങ്ങള്‍ തുടങ്ങുന്ന കാര്യം പിന്നീട് അറിയിക്കും. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും മടക്കയാത്രയെന്നും എംബസിയുടെ അറിയിപ്പില്‍ പറയുന്നു.  ഇതിനിടെ , കേരള സര്‍ക്കാരിന്റെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരും, എംബസി സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നത് പ്രവാസികള്‍ക്കിടയില്‍ കടുത്ത മുറുമുറുപ്പിന് വഴിവെച്ചു. നോര്‍ക്കയുടേത് വേണ്ടത്ര മുന്‍ ഒരുക്കങ്ങള്‍ ഇല്ലാതെ എടുത്തു ചാടി ചെയത് തീരുമാനമായി പോയെന്നും ആക്ഷേപമുണ്ട്.

For Registration :http://for Registration : https://www.cgidubai.gov.in/covid_register/