യാത്രാചെലവ്‌ പ്രവാസികള്‍ തന്നെ വഹിക്കണമെന്ന തീരുമാനം മനുഷ്യത്വരഹിതം: എം.എം.ഹസ്സന്‍

Jaihind News Bureau
Tuesday, May 5, 2020

MM-Hassan-PP

 

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരാന്‍ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും യാത്ര ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന തീരുമാനം മനുഷ്യത്വരഹിതമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍.

തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്ന് വരുമാനം പൂര്‍ണ്ണമായും ഇല്ലവരാണ് കുടുങ്ങി കിടക്കുന്ന പ്രവാസികളില്‍ ഏറിയ പങ്കും. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനം കേരളത്തിലേക്ക് മടങ്ങിവരാനുള്ളവരാണ്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത മലയാളികള്‍ നാലേകാല്‍ ലക്ഷമാണ്. അതില്‍ ഒരു ലക്ഷത്തിലധികം പേര്‍ വിസാകാലാവധി കഴിഞ്ഞതും തൊഴില്‍ നഷ്ടമായവരുമാണ്. ഇവരുടെ കാര്യമാണ് ഏറെ കഷ്ടം. അഹാരത്തിന് പോലും വകയില്ലാതെ ഗള്‍ഫ് നാടുകളിലെ സാമൂഹ്യപ്രവര്‍ത്തകരുടെ സഹായം കൊണ്ട് കഴിയുന്ന ഇവര്‍ക്ക് വിമാനയാത്രക്കൂലി താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. ഇവരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണ നല്‍കണം. അതോടൊപ്പം ഗര്‍ഭിണികള്‍,വയോധികര്‍ എന്നിവരുടെ കാര്യത്തിലും അനുഭാവപൂര്‍വ്വമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

വിദേശ എംബസികളിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരോ ഇവരുടെ വിമാന യാത്രക്കൂലി വഹിക്കാന്‍ തയ്യാറാകണം. കുവൈറ്റ് യുദ്ധകാലത്ത് പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിന് സൗജന്യ വിമാനയാത്ര കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരുന്നു. ലോകമഹായുദ്ധത്തിന്‍റെ കെടുതിയും ഭീതിയും ഉണ്ടാക്കിയ ഈ പ്രതിസന്ധികാലത്ത് സാമ്പത്തിക ശേഷിയില്ലാത്ത ഗള്‍ഫ് നാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ സൗജന്യയാത്ര ക്രമീകരിച്ച് തിരികെയെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാരില്‍ ചെലുത്തണം.

ഗള്‍ഫ് നാടുകളില്‍ അകപ്പെട്ട പൗരന്‍മാരെ തിരികെയെത്തിക്കാന്‍ പാകിസ്ഥാന്‍ ദേശീയ അന്താരാഷ്ട്ര വിമാനസര്‍വീസ് യാത്രാ ടിക്കറ്റ് നിരക്കില്‍ 30 ശതമാനം സബ്‌സിഡറി നല്‍കിയതിന് സമാനമായി യാത്രടിക്കറ്റില്‍ സബ്‌സിഡറി നല്‍കാന്‍ ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. നിലവിലത്തെ അവസ്ഥയില്‍ അത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.