നിര്‍ധനരായ പ്രവാസികളെ നാട്ടില്‍ സൗജന്യമായി എത്തിക്കണമെന്ന് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം

Jaihind News Bureau
Wednesday, May 6, 2020

 

ദുബായ് : കൊവിഡ് പ്രതിസന്ധി മൂലം ജോലിയും ശമ്പളവുമില്ലാതെ താമസ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് നിര്‍ധനരും, നിസ്സഹായരുമായ പ്രവാസികളെ സൗജന്യമായി നാട്ടില്‍ എത്തിക്കണമെന്ന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം ചിലവില്‍ ടിക്കറ്റ് എടുക്കണമെന്ന നിബന്ധന ഒഴിവാക്കി, യാ്രത പൂര്‍ണ്ണമായും സൗജന്യമാക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് എന്‍ എ ഹസ്സന്‍, ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ ചാവക്കാട് , ട്രഷറര്‍ രമേശ് മാരാത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രവാസികളില്‍ നിന്നും സമാഹരിച്ച കോടിക്കണക്കിന് സംഖ്യ ഇന്ത്യന്‍ കമ്മ്യുണിറ്റി വെല്‍ഫയര്‍ ഫണ്ടില്‍ ഉണ്ടായിട്ടും അതില്‍ നിന്ന് ചെറിയൊരു വിഹിതം എടുത്ത് പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ ഉപയോഗിക്കണം.  ഓരോ വര്‍ഷവും ഒരു ലക്ഷം കോടി ഖജനാവിലേക്ക്  വിദേശനാണ്യം എത്തിക്കുന്ന പ്രവാസികളോട് ചെയ്യുന്ന അനീതിയാണ് ഇതെന്നും ഇന്ദിര ഗാന്ധി വീക്ഷണം ഫോറം ഭാരവാഹികള്‍ പറഞ്ഞു.