വലിയ വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് പ്രവാസികളെ 30 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ കത്ത്

Jaihind News Bureau
Monday, June 22, 2020

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന എല്ലാവരേയും അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ മടക്കിക്കൊണ്ടു വരുന്നതിനായി വലിപ്പമേറിയ ജംബോ ഫ്‌ളൈറ്റുകളെയും കൂടുതല്‍ എയര്‍ ഇന്ത്യാ വിമാനങ്ങളെയും സ്വകാര്യ വിമാനങ്ങളെയും കപ്പലുകളെയും അയക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറും കത്തയച്ചു.

കേരളീയരെ മടക്കിക്കൊണ്ടു വരാന്‍ നോര്‍ക്കയും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പാടു ചെയ്യണമെന്നും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന് ഇരുവരും സംയുക്തമായി കത്ത് നല്‍കി.  ഗള്‍ഫില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് തക്കതായ ധനസഹായം നല്‍കണമെന്നും ഇരുവരും പ്രധാന മന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 18 ലക്ഷത്തോളം മലയാളികളില്‍ മൂന്ന് ലക്ഷത്തോളം പേരാണ് കേരളത്തിലേക്ക് മടങ്ങുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് വരെ കേവലം 60,000 പേരെ മാത്രമാണ് മടക്കിക്കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുള്ളത്. ജോലി നഷ്ടപ്പെട്ടവരും ചെറിയ ജോലികള്‍ ചെയ്യുന്നവരും മറ്റു രോഗങ്ങള്‍ ബാധിച്ചവരുമാണ് മടങ്ങുന്നതിനായി കാത്തിരിക്കുന്നവരില്‍ നല്ലൊരു പങ്കും. ഇവര്‍ക്ക് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പാട് ചെയ്യാനോ ടിക്കറ്റെടുക്കാനോ ഉള്ള ശേഷി ഇല്ല. അതിനാല്‍ ഇവരെ മടക്കിക്കൊണ്ടു വരുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ വേണം. കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധന ഗല്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മടങ്ങി വരവിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന പരിമിതമായ  മടക്കവും ഈ നിബന്ധന നിലവല്‍ വരുന്നതോടെ നിലയ്ക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍  ഇതിനകം 280 ലേറെപ്പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് ഇരുവരും കത്തില്‍ ചൂണ്ടിക്കാട്ടി. കോവിഡ് കാരണമുള്ള മാനസിക സമ്മര്‍ദ്ദം കാരണം ഹദ്രോഗത്തിനടിമപ്പെട്ട് മരണടയുന്നവരും ആത്മഹത്യ ചെയ്യുന്നവരും ധാരാളമാണ്. ഇതില്‍ മിക്കവരും ചെറിയ ജോലികള്‍ ചെയ്യുന്നവരും ദരിദ്രരുമാണ്. ഇവരുടെ വരുമാനത്തില്‍ മാത്രം ആശ്രയിക്കുന്ന കേരളത്തിലെ ഇവരുടെ കുടുംബങ്ങള്‍ നിരാലംബരായി മാറുകയാണ്. ഈ പശ്ചത്തലത്തിലാണ് അവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടത്.

ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കാനും അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സംരംഭങ്ങള്‍ ആരംഭിക്കാനുമായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇരുവരും കത്തില്‍ ആവശ്യപ്പെട്ടു. ജോലിയും മറ്റും നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന ദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്കൗട്ട് പിന്‍വലിക്കും വരെയെങ്കിലും നിത്യവൃത്തിക്കാവശ്യമുള്ള തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കണമെന്നും രമേശ് ചെന്നിത്തലയും എം.കെ.മുനീറും കത്തില്‍ ആവശ്യപ്പെട്ടു.