വിസ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം: നവംബര്‍ മാസത്തില്‍ മടങ്ങിയെത്തിവരേയും ഉള്‍പ്പെടുത്തണമെന്ന് എം.എം.ഹസ്സന്‍

Jaihind News Bureau
Thursday, April 30, 2020

M.M-Hassan

വിസ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപയുടെ സാമ്പത്തിക സഹായത്തിന് അര്‍ഹരായവരുടെ കൂട്ടത്തില്‍ നംവബര്‍ മാസം മുതല്‍ മടങ്ങിയെത്തിയവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ കെ.പി.സി.സി പ്രസിഡന്‍റും  പ്രവാസികാര്യ മന്ത്രിയുമായിരുന്ന എം.എം.ഹസ്സന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

വിസ കാലാവധി കഴിഞ്ഞ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയത് നവംബര്‍,ഡിസംബര്‍ മാസത്തിലാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് മടങ്ങി പോക്ക് സാധ്യമായിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപയുടെ സാമ്പത്തിക സഹായത്തിന് അര്‍ഹതയുള്ളത് ജനുവരി ഒന്നിന് ശേഷം തിരികെയെത്തിയവര്‍ക്കാണ്. ഇതുകാരണം പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കില്ലെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.

ഓണ്‍ലൈനായിട്ടാണ് സാമ്പത്തിക സാഹായത്തിന് പേരു രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷ നല്‍കേണ്ട കാലാവധി എപ്രില്‍ 30ന് അവസാനിക്കും. എന്നാല്‍ അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ തുറന്ന് പ്രവര്‍ത്തിക്കാത്തതും സാങ്കേതിക കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും എപ്രില്‍ 30ന് മുമ്പായി പേരു രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. അതുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും ഹസ്സന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നോര്‍ക്കയുടെ കീഴിലെ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴത് പ്രവാസി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ പറ്റുന്ന 15000 പേര്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തിയ നടപടി പുന:പരിശോധിക്കണം. വിദേശത്തും സ്വദേശത്തും ഉള്‍പ്പടെ ക്ഷേമനിധിയില്‍ അംഗങ്ങളായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍ പ്രവാസിമന്ത്രിയായ എം.എം.ഹസ്സന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.