ദുബായ് : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ വന്‍ വിജയത്തിന്‍റെ ആവേശത്തിലാണ് പ്രവാസ ലോകത്തെ യുഡിഎഫ് അനുഭാവ സംഘടനകള്‍. നിരവധി പ്രവാസി വോട്ടര്‍ കൂടിയുള്ള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഗള്‍ഫിലെ ഇന്‍കാസ്- ഒഐസിസി ക്യാമ്പുകളില്‍ ആവേശം ഇരട്ടിയാക്കി.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുഡിഎഫ് അനുഭാവികളായ നിരവധി പ്രവാസി സംഘടനകളാണ് ഇത്തവണ തൃക്കാക്കരയില്‍ എത്തിയത്. അത് വലിയ ഗുണം ചെയ്തുവെന്ന വിശ്വാസത്തിലാണ് പ്രവാസ ലോകത്തെ സംഘടനകള്‍. വോട്ട് തേടി വീടുകള്‍ കയറി ഇറങ്ങിയും വാഹന പ്രചാരണ ജാഥ നടത്തിയും തെരഞ്ഞെടുപ്പ് ആവേശത്തില്‍ പ്രവാസികളും പങ്കാളികളായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടേണ്ടതിനു പകരം വര്‍ഗീയതയും കുറുക്കുവഴികളും ഉപയോഗിച്ച് വിജയം നേടാനുള്ള ഇടതുപക്ഷത്തിന്‍റെ നീക്കത്തിന് മുഖമടച്ച് ജനം നല്‍കിയ അടിയാണ് ഈ വന്‍ വിജയമെന്ന് ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പിണറായി സര്‍ക്കാരിന്‍റെ ഏകാധിപത്യപരവും ജനവിരുദ്ധവുമായ നയങ്ങള്‍ ജനം നിരാകരിച്ചിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ടര്‍മാര്‍ നല്‍കിയ സമ്മതി ഇല്ലാതായി. ഇത് യുഡിഎഫിന്‍റെ ശക്തമായ തിരിച്ചുവരവിനുള്ള തുടക്കമാണെന്നും ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് പ്രതികരിച്ചു.
തലതിരിഞ്ഞ വികസനത്തിന് എതിരെയും പിണറായി സര്‍ക്കാരിന്‍റെ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ഒന്നായി ഒറ്റക്കെട്ടായി നിന്നത്തിന്‍റെ പ്രതിഫലനമാണ് കാല്‍ലക്ഷത്തിന് മുകളില്‍ വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയിച്ചതെന്ന് ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ജാബിര്‍ പറഞ്ഞു. ജനവിധി മാനിച്ച് ഇനിയെങ്കിലും പിണറായി സര്‍ക്കാര്‍ ജനവിരുദ്ധ-പ്രവാസി വിരുദ്ധ നയങ്ങളില്‍ നിന്നും പിന്‍മാറണമെന്നും ജാബിര്‍ പറഞ്ഞു.
ഇന്‍കാസ് ആഹ്ലാദം പങ്കിട്ടു
ഷാര്‍ജയില്‍ ഇന്‍കാസ് കേന്ദ്ര കമ്മിറ്റി തൃക്കാക്കര വിജയം ആഘോഷിച്ചു. യുഡിഎഫ് അനുഭാവികള്‍ മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്‍റ് മാത്യു ജോണ്‍, ഇന്‍കാസ് യുഎഇ വൈസ് പ്രസിഡന്‍റ് ടി.എ രവീന്ദ്രന് ആദ്യ മധുരം നല്‍കി. ഇന്‍കാസ് യുഎഇ നേതാക്കളായ ചന്ദ്രപ്രകാശ് എടമന, അബ്ദുല്‍ മനാഫ്, പി.ആര്‍ പ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.