പാർട്ടിനേതാക്കൾക്ക് കൈക്കൂലി നൽകാത്തതിനാൽ മുവാറ്റുപുഴ കലൂർക്കാട് പഞ്ചായത്ത് പെരുമാങ്കണ്ടത്തെ വ്യാപാര സ്ഥാപനത്തിന് ലൈസൻസ് നൽകുന്നില്ലെന്ന പരാതിയുമായി പ്രവാസി. മുപ്പത് വർഷം വിദേശത്ത് ജോലി ചെയ്ത സമ്പാദ്യവും ലക്ഷങ്ങൾ വായ്പ എടുത്തും നിർമിച്ച കെട്ടിടം ഉപയോഗിക്കാനാകാത്തതിനാൽ ആത്മഹത്യയുടെ വക്കിലാണ് ഈ കുടുംബം.
ഇസ്റ്റ് കലൂർ സ്വദേശി രവീന്ദ്രൻ നായർ ഗൾഫിൽ 30 വർഷം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം 2015ൽ കല്ലൂർക്കാട് പെരുമാങ്കണ്ടത്ത് ഭാര്യയുടെ പേരിൽ എട്ടേമുക്കാൽ സെൻറ് സ്ഥലം വാങ്ങി. തൊട്ടപ്പുറത്ത് മകളുടെ പേരിൽ ഏഴേകാൽ സെൻറ് നിലവും വാങ്ങിയിട്ടു. തുടർന്ന് ഭാര്യയുടെ പേരിൽ വാങ്ങിയ സ്ഥലത്ത് ആറ് കടമുറികളുള്ള കെട്ടിടം പണിയാൻ കല്ലൂർക്കാട് പഞ്ചായത്തിൽ അപേക്ഷ നൽകി. വില്ലേജ്, കൃഷി ഓഫീസർമാരുടെ റിപ്പോർട്ട് പരിഗണിച്ച് കെട്ടിടം പണിയാൻ പഞ്ചായത്ത് 2015ൽ തന്നെ പെർമിറ്റ് അനുവദിച്ചു. എന്നാൽ പണി പൂർത്തീകരിച്ച് നമ്പരിടുന്നതിനായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ പഞ്ചായത്തിന്‍റെ ബിനാമി കരാറുകാരൻ രംഗത്തെത്തുകയും കൈക്കൂലി ആവശ്യപെടുകയുമായിരുന്നു.
കൈക്കൂലി നൽകില്ലെന്ന് അറിയിച്ചതോടെ തടസ്സങ്ങളായി.
മുൻപ് മകളുടെ പേരിൽ വാങ്ങിയ ഭൂമിയിൽ അനധികൃതമായി പണി നടത്തുന്നെന്ന് കാണിച്ച് തൊട്ടപ്പുറത്തെ ഭൂവുടമ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ആർഡിഒയുടെ പരിശോധനയിൽ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ പണി തുടരാൻ അനുമതി കിട്ടിയെങ്കിലും പഞ്ചായത്ത് കെട്ടിട നന്പറിട്ട് നൽകിയില്ല. ആത്മഹത്യയല്ലാതെ മറ്റ് മാർഗ്ഗമില്ലാതായിരിക്കുകയാണെന്ന് രവീന്ദ്രന്‍റെ ഭാര്യ പറയുന്നു.
പ്രവാസ കാലത്ത് സമ്പാദിച്ചതും ബാങ്കുകളിൽ നിന്ന് വായ്പ എടുത്തതുമടക്കം 75 ലക്ഷം രൂപയാണ് ഈ കെട്ടിട നിർമാണത്തിനായി രവീന്ദ്രൻ നായർ ഇതുവരെ മുടക്കിയത്. എന്നാൽ സംരംഭം തുടങ്ങുന്നതിന് എതിരല്ലെന്നും റവന്യൂ വകുപ്പിന്‍റെ അനുമതി ഇല്ലാത്തതാണ് കെട്ടിട പെർമിറ്റ് നൽകാത്തതിന് കാരണമെന്നുമാണ് കല്ലൂർക്കാട് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
https://www.youtube.com/watch?v=Usq2b9Y9wO0