വിശ്വസനീയമല്ലാത്ത എക്സിറ്റ് പോള്‍; ചർച്ചയായി ‘ഗോദി മീഡിയ’; അജണ്ടയെന്ന് ആക്ഷേപം

Jaihind Webdesk
Saturday, June 1, 2024

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ‘ഗോദി മീഡിയ’ വീണ്ടും ചർച്ചയാകുന്നു. എന്‍ഡിഎ മുന്നണിക്ക് 300 മുതല്‍ 359 വരെ സീറ്റുകള്‍ പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി വലിയ ശക്തിയും ആകുമെന്നും കേരളത്തില്‍ ഒന്നു മുതല്‍ മൂന്നു സീറ്റുകള്‍ വരെ ബിജെപി നേടും എന്നുമുള്ള രസകരമായ കാര്യങ്ങളും ചില സർവേകള്‍ പ്രവചിക്കുന്നു. ഇത്തരത്തില്‍ വിശ്വസനീയമല്ലാത്ത രീതിയിലുള്ള എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഗോദി മീഡിയ വീണ്ടും ചര്‍ച്ചാകുന്നത്.

ബിജെപിക്കാര്‍ വരെ ഞെട്ടുന്ന തരത്തിലുള്ള പ്രവചനങ്ങളാണ് ഗോദി മീഡിയ പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യ സഖ്യത്തെ പിന്തള്ളി എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തും എന്നു പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒരേ കേന്ദ്രത്തില്‍ നിന്നും വന്നതാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ബിജെപി വലിയ പ്രതിസന്ധി നേരിടുന്ന കര്‍ണാടകയില്‍ പോലും മുന്നേറ്റം ഉണ്ടാകുമെന്നും പ്രവചനങ്ങള്‍ പറയുന്നു. പ്രവചനങ്ങള്‍ ഏകപക്ഷീയമാവും എന്ന് നേരത്തെ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം എക്‌സിറ്റ് പോളിനെ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു. അരവിന്ദ് കെജ്‌രിവാളിനെ ജയിലില്‍ അടച്ച് വലിയ പ്രതിഷേധങ്ങള്‍ ബിജെപിക്കെതിരെ ഉയര്‍ന്ന ഡല്‍ഹിയില്‍ പോലും ബിജെപി മുന്നേറ്റമാണ് പറയുന്നത്. ആന്ധ്രയിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും അടക്കം ബിജെപി മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ്‌പോള്‍ കൃത്യമായും ബിജെപി അനുകൂല മാധ്യമങ്ങളുടെ അജണ്ടയാണെന്നതില്‍ സംശയം തോന്നിയാല്‍ ആരെയും കുറ്റംപറയാനാകില്ല.

അതേസമയം ബിജെപിയുടെ ഗൂഢതന്ത്രങ്ങളെ കരുതിയിരിക്കണമെന്നും വോട്ടെണ്ണലിന്‍റെ അവസാന സമയം വരെയും നേതാക്കളും പ്രവർത്തകരും ജാഗ്രത പുലർത്തണമെന്നും ഇന്ത്യാ സഖ്യ നേതാക്കള്‍ ആവർത്തിച്ച് ഓർമ്മപ്പെടുത്തി. തോല്‍വി ഭയന്ന ബിജെപി ഗോദി മീഡിയയെ ഉപയോഗിച്ച് നടത്തിയ തന്ത്രമാണ് എക്സിറ്റ് പോളുകളെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഗോഡി മീഡിയകളെക്കൊണ്ട് ബിജെപി അനുകൂല പ്രവചനം നടത്തുന്നത് അന്തിമഫലത്തില്‍ കൃത്രിമം കാട്ടാനുള്ള നീക്കമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തന്ത്രങ്ങളില്‍ ആത്മവിശ്വാസനം നഷ്ടമാകരുതെന്നും വിജയം ഇന്ത്യാ മുന്നണിക്ക് തന്നെയാണെന്നും നേതാക്കള്‍ പ്രവർത്തകരോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയും അകിലേഷ് യാദവും അടക്കമുള്ള നേതാക്കള്‍ ബിജെപിയുടെ കള്ളക്കളികളെ കരുതിയിരിക്കണമെന്ന് നേരത്തെ തന്നെ പ്രവർത്തകർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.