എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് ( യഥാര്‍ത്ഥ)പോളുകളല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 1999 മുതലുള്ള എക്‌സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ അത് മനസിലാവുമെന്നും വെങ്കയ്യനായിഡു പറഞ്ഞു. ഇപ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണെന്നും ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് അടിസ്ഥാനമൊന്നുമില്ലെന്നും അതുകൊണ്ട് 23 വരെ കാത്തിരിക്കാമെന്നും ഉപരാഷ്ട്രപതി പറയുന്നു.
രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും വേണ്ടത് യോജിച്ച നേതാക്കളെയും സ്ഥിരമായ സര്‍ക്കാരിനെയാണെന്നും അത് ആരൊക്കെയാണോ അവരെയൊക്കെയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം രാഷ്ട്രീയപാര്‍ട്ടികളാണെന്നും വെങ്കയ്യനായിഡു ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും രാഷ്ട്രീയത്തില്‍ ഒരാള്‍ മറ്റൊരാളെ ശത്രുവായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ ശത്രുക്കളല്ല എതിരാളികള്‍ മാത്രമാണെന്ന അടിസ്ഥാന വസ്തുത എല്ലാവരും മറക്കുന്നുവെന്നും വെങ്കയ്യനായിഡു കൂട്ടി ചേര്‍ത്തു.