ന്യായീകരണങ്ങൾ അവസാനിക്കുന്നു; കനത്ത പരാജയത്തിൽ അടിതെറ്റി സി.പി.എം; ഒടുവിൽ പരാജയകാരണം തേടി നേതൃത്വം

Jaihind News Bureau
Tuesday, December 23, 2025

തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിൽ ഗൗരവകരമായ ആത്മപരിശോധനയ്ക്ക് തുടക്കമാകുന്നു. തോൽവിക്ക് ശേഷമുള്ള ആദ്യ ഘട്ടങ്ങളിൽ, ‘പാർട്ടിയുടെ വോട്ട് വിഹിതം വർദ്ധിച്ചു’ എന്ന സ്ഥിരം ന്യായീകരണം നിരത്തി പരാജയഭാരം കുറയ്ക്കാനാണ് നേതാക്കൾ ശ്രമിച്ചിരുന്നത്. എന്നാൽ വോട്ട് വിഹിതത്തിലെ നേരിയ വർദ്ധനവ് സീറ്റുകളായി മാറാത്തതും പല കോട്ടകളിലും വൻ വിള്ളലുകൾ വീണതും നേതൃത്വത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. കേവലം ന്യായീകരണങ്ങൾ കൊണ്ട് പാർട്ടിക്കുള്ളിലെ അതൃപ്തി പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ഇപ്പോൾ ഔദ്യോഗിക അവലോകനത്തിലേക്ക് പാർട്ടി കടന്നിരിക്കുന്നത്.

പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്നും കേഡർ സംവിധാനത്തിന് ഉലച്ചിൽ തട്ടിയിട്ടില്ലെന്നുമാണ് പരസ്യമായി നേതാക്കൾ അവകാശപ്പെടുന്നത്. എങ്കിലും, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പരമ്പരാഗത വോട്ടുകളിൽ പോലും ഉണ്ടായ ചോർച്ച നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരമാണോ അതോ സംഘടനാപരമായ വീഴ്ചയാണോ തിരിച്ചടിക്ക് കാരണമായതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പാർട്ടി നിർബന്ധിതരായിരിക്കുകയാണ്. താഴെത്തട്ടിലുള്ള വോട്ടർമാരുടെ മനോഭാവത്തിൽ വന്ന മാറ്റം പഠിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന നിഗമനത്തിലാണ് ഉന്നത നേതൃത്വം.

 പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ തേടാൻ പാർട്ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ കമ്മിറ്റികൾക്കും കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശികമായ കാരണങ്ങൾ, വോട്ട് ചോർച്ചയുണ്ടായ ബൂത്തുകൾ, സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാകപ്പിഴകൾ തുടങ്ങിയവ വിശകലനം ചെയ്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വോട്ട് വിഹിതത്തിന്റെ കണക്കുകൾ മാത്രം നിരത്തി പരാജയത്തെ ലഘൂകരിക്കരുതെന്നും ഓരോ മണ്ഡലത്തിലെയും പരാജയത്തിന്റെ രാഷ്ട്രീയം പരിശോധിക്കണമെന്നും പാർട്ടി കേന്ദ്രങ്ങൾ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.