‘കള്ള് കേരളത്തിന്‍റെ തനത് പാനീയം; പോഷകാംശം എത്രയെന്ന് അറിയില്ല’; എം.ബി രാജേഷ്

Jaihind Webdesk
Friday, July 28, 2023

 

തിരുവനന്തപുരം: കള്ളിന്‍റെ പോഷകാംശം എത്രയെന്ന് തനിക്കറിയില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതു
സംബന്ധിച്ച് ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തോട് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കള്ള് കേരളത്തിന്‍റെ തനത് പാനീയമാണ്. കള്ള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്തുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്.  കള്ള് ചെത്തിന് ആളെ ലഭിക്കാത്ത സാഹചര്യത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതായി വരുമെന്നും മന്ത്രി പറഞ്ഞു.

കള്ള് പോഷകാഹാരമാണെന്ന എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജന്‍റെ പരാമർശം  സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കള്ള് ലിക്കറല്ല. നല്ലൊരു പോഷകാഹാരമാണ്. രാവിലെ എടുത്ത ഉടനെ ഉപയോഗിക്കുമ്പോൾ അതിന് ലഹരിയില്ല. ഇരുന്ന് വൈകുംതോറുമാണ് ലഹരിയുണ്ടാകുന്നതെന്നുമാണ്  കഴിഞ്ഞ ദിവസം ഇ.പി. ജയരാജന്‍ കോഴിക്കോട് പറഞ്ഞത്.