പാവപ്പെട്ടവരെയും അതിഥി തൊഴിലാളികളെയും പൂർണമായും ഒഴിവാക്കി; സാമ്പത്തിക പാക്കേജ് നിരാശപ്പെടുത്തി : പി.ചിദംബരം

Jaihind News Bureau
Wednesday, May 13, 2020

ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ലഭിച്ച സാമ്പത്തിക സഹായം ഒഴിച്ചാൽ സാമ്പത്തിക പാക്കേജ് നിരാശപ്പെടുത്തി എന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. സർക്കാർ പാവപ്പെട്ടവരെയും അതിഥി തൊഴിലാളികളെയും പൂർണമായും ഒഴിവാക്കി. സർക്കാർ ഇതിനായി കൂടുതൽ പണം ചെലവാക്കാൻ തയാറാകണം എന്നും പി ചിദംബരം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക പാക്കേജിന് വിമർശിച്ച ചിദംബരം പാവങ്ങളുടെ കയ്യിൽ നേരിട്ട് പണം എത്തുന്ന പ്രഖ്യാപനം പാക്കേജിൽ ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികളെ പൂർണ്ണമായും അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം പുലർത്തിയത്. താഴെ തട്ടിലെ ജനങ്ങളെ സർക്കാർ കാണാതെ പോയി. ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങൾ സ്വാഗതം ചെയ്യുന്നു. പക്ഷെ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്താൻ സർക്കാർ തയ്യാറാകണം എന്നും പി ചിദംബരം ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/585268592119995/

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രഖ്യാപനങ്ങളില്‍ പി ചിദംബരം കടുത്ത നിരാശ പ്രകടിപ്പിച്ചു. ദിവസേന അധ്വാനിച്ച് കുടുംബം പോറ്റുന്നവർക്ക് ക്രൂരമായ പ്രഹരമാണ് ധനകാര്യമന്ത്രി നിർമ്മല സീതാരാമന്‍റെ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു. അവരവരുടെ വീടുകളിലേക്ക് നടന്നുപോകേണ്ടിവന്ന ലക്ഷക്കണക്കിന് ദരിദ്രരും പട്ടിണികിടക്കുന്നവരുമായ കുടിയേറ്റ തൊഴിലാളികൾക്കായി ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

20 ലക്ഷം കോടി രൂപ പാക്കേജിൽ 3.6 ലക്ഷം കോടി രൂപ കേന്ദ്രം പ്രഖ്യാപിച്ചു എന്നാല്‍ ബാക്കി 16.4 ലക്ഷം കോടി രൂപ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ സ്വന്തം അജ്ഞതയുടെയും ഭയത്തിന്‍റെയും തടവുകാരായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.