ന്യൂഡല്‍ഹി : 2022 ലെ ‘സന്‍സദ് വിശിഷ്ട രത്ന’ അവാര്‍ഡിന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അര്‍ഹനായി. എം.പി മാരുടെപ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്തി പാര്‍ലമെന്‍റിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുന്നത്. മാര്‍ച്ച് 22 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.
നിയമനിര്‍മ്മാണം, നിയമഭേദഗതികള്‍, ചോദ്യോത്തരവേള, ശൂന്യവേള, പൊതുപ്രാധാന്യമുളള വിഷയങ്ങളിലെ ഇടപെടല്‍, സ്വകാര്യ ബില്ലുകള്‍, സ്വകാര്യ പ്രമേയങ്ങള്‍, ഓര്‍ഡിനന്‍സുകള്‍ക്കെതിരെയുളള നിരാകരണ പ്രമേയങ്ങള്‍, പാര്‍ലമെന്‍റിലെ ഹാജര്‍, മണ്ഡലത്തിലെ വികസന വിഷയങ്ങള്‍ തുടങ്ങി സമഗ്രമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിച്ചത്. പാര്‍ലമെന്‍റിലെ എല്ലാ തലങ്ങളിലേയും പ്രവര്‍ത്തനമികവിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.പി.ആര്‍.എസ് ഇന്ത്യയുടെ സ്ഥിതിവിവര കണക്കുകളും അടിസ്ഥാന രേഖയായി പരിഗണിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എംപി യെ കൂടാതെ മഹാരാഷ്ട്രയിലെ എം.പിമാരായ സുപ്രിയ സുലെ, ശ്രീരംഗ് അപ്പ ബര്‍ന്നെ എന്നിവരെയും വിശിഷ്ട രത്ന അവാര്‍ഡിനായി തെരഞ്ഞെടുത്തു.
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍കലാമിന്‍റെ നിര്‍ദ്ദേശപ്രകാരം ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയന് നല്‍കുന്നതിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2010 ല്‍ ചെന്നൈയില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം നേരിട്ട് വിതരണം ചെയ്തുകൊണ്ടാണ് സന്‍സദ് അവാര്‍ഡ് പുസ്കാരദാനം ആരംഭിച്ചത്. 16-ാം ലോക്സഭയിലും ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയനുളള നിരവധി അവാര്‍ഡുകള്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് ലഭിച്ചിട്ടുണ്ട്.