എക്സാലോജിക് വിവാദം ആളിക്കത്തുന്നു; വിദേശ ബാങ്ക് അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍; നിക്ഷേപിച്ചത് എസ്എൻസി ലാവലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനികള്‍

Jaihind Webdesk
Wednesday, May 29, 2024

 

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ വിദേശ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സിയായ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണം. അബുദാബിയിലെ അക്കൗണ്ടിൽ നിക്ഷേപമായി എത്തിയത് കോടികളാണ്. എസ്എൻസി ലാവലിൻ, പിഡബ്ല്യുസി കമ്പനികളും ഈ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായി എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്.

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്കു രണ്ടു വിദേശ കമ്പനികൾ വൻ തുക നിക്ഷേപിച്ചെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2016– 2019 കാലയളവിൽ രാജ്യാന്തര കൺസള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി), കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിൻ എന്നിവയുടെ അക്കൗണ്ടുകളിൽനിന്ന് അബുദാബി ബാങ്ക് അക്കൗണ്ടിലേക്ക് പലതവണ പണം നിക്ഷേപിച്ചതായി എസ്എഫ്ഐഒയ്ക്കു വിവരം ലഭിച്ചിരുന്നു. ദുബായിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനത്തിന്‍റെ പേരിലുള്ള ഈ സംയുക്ത അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് സ്ഥാപന ഉടമകളായ രണ്ടു മലയാളികളാണ്. കിഫ്ബി മസാല ബോണ്ട് കേസിന്‍റെ അന്വേഷണത്തിനിടയിലാണ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) ലഭിക്കുന്നത്. എക്‌സാലോജിക് സൊല്യൂഷൻസ് തുടക്കം മുതൽ നടത്തിയ മുഴുവൻ ഇടപാടുകളും എസ്എഫ്‌ഐഒ അന്വേഷിക്കുന്നുണ്ട്. ചെയ്യാത്ത സേവനത്തിനു വൻ തുകകൾ കൈപ്പറ്റിയെന്നാണ് എക്സാലോജിക്കിനെതിരായ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുടെ  കമ്പനിയായ എക്സാലോജിക് കൂടുതല്‍ കുരുക്കിലേക്കെന്നാണ് സൂചന. മുഖ്യമന്ത്രിയുമായും ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന രണ്ടു കമ്പനികളുടെ പേരാണ് ഇപ്പോള്‍ ഉയർന്നു വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മുഖ്യമന്ത്രി ഉള്‍പ്പെട്ട ലാവലിന്‍ കേസിലെ എസ്എൻസി ലാവലിൻ ആണ് അബുദാബി ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ച ഒരു കമ്പനി. മറ്റൊന്ന് ഒന്നാം പിണറായി സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വപ്നാ സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സും.