യുപിയില്‍ സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹമ്മദിനെയും സഹോദരനെയും അക്രമികള്‍ വെടിവെച്ചു കൊന്നു: സംഭവം പോലീസിന്‍റെ കണ്‍മുന്നില്‍; അന്വേഷണം

Jaihind Webdesk
Sunday, April 16, 2023

 

ലഖ്‌നൗ: മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആത്തിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.  കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴിയാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയവർ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം അക്രമികൾ ‘ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. 12 റൗണ്ടോളം വെടിയുതിർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് പോലീസ് സ്റ്റേഷനിൽ വെച്ച് ഗുണ്ടാസംഘം ആത്തിഖ് അഹമ്മദിനേയും സഹോദരൻ അഷ്റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നു. പുറത്തുനിന്ന് എത്തിയവർ വെടിവെച്ചെന്നാണ് പോലീസ് പറയുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആത്തിഖിനെയായിരുന്നു. പിന്നീട് അഷ്‌റഫിനെയും വെടിവെച്ചു. രണ്ടുപേരും തല്‍ക്ഷണം മരണമടയുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കെയാണ് പ്രതികള്‍ തുരുതുരെ നിറയൊഴിച്ചത്.

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ടാണ് ആത്തിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികൾ വെടിയുതിർത്തത്. ആത്തിഖ് അഹമ്മദിന്‍റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തർപ്രദേശ് പോലീസിന്‍റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിൽ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. സമാജ്‌വാദി പാർട്ടി മുൻ എംപിയായ ആത്തിഖ് അഹമ്മദ് നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2005ൽ ബിഎസ്പി എംഎൽഎ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24 നാണ് പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

ആത്തിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പോലീസ് സുരക്ഷയിലിരിക്കെ എങ്ങനെ ഇത് സംഭവിച്ചെന്ന് വിശദീകരിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇങ്ങനെയെങ്കിൽ പൊതുജനങ്ങൾക്ക് എങ്ങനെ സുരക്ഷ ലഭിക്കും. യുപിയിൽ കുറ്റകൃത്യങ്ങൾ അതിന്‍റെ പാരമ്യത്തിലെത്തിയെന്നും അഖിലേഷ് യാദവ് വിമർശിച്ചു. ഗൂഢാലോചനയെന്ന് കോൺഗ്രസും ജംഗിൾ രാജെന്ന് സിപിഎമ്മും വിമർശിച്ചു. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകിയെന്ന് യുപി എഡിജിപി അറിയിച്ചു. കാൺപൂരിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ദ്രുത കർമ്മ സേനയെ പ്രയാഗ് രാജിൽ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 17 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.