പ്രവാസി പോരാട്ടത്തിന് ലഭിച്ച അവാര്‍ഡ് തുക പ്രവാസി യാത്രാനിധിയിലേക്ക് സംഭാവന ചെയ്ത് മുന്‍ എംഎല്‍എ; എം.പി വിന്‍സന്‍റിന് കൈയടിച്ച് യുഎഇ

Elvis Chummar
Tuesday, October 11, 2022

 

ദുബായ്: പ്രവാസികള്‍ക്കായി പോരാടിയതിന് ലഭിച്ച അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ പ്രവാസി സമൂഹത്തിന്‍റെ യാത്രാ ആവശ്യങ്ങള്‍ക്കായി തിരികെ നല്‍കി മുന്‍ എംഎല്‍എ മാതൃകയായി. യുഎഇയിലെ ഷാര്‍ജയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് ഒല്ലൂര്‍ മുന്‍ എംഎല്‍എയും  തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായ എം.പി വിന്‍സന്‍റ് അവാര്‍ഡ് തുക സംഘാടകര്‍ക്ക് തിരികെ നല്‍കിയത്. പ്രവാസികളുടെ വിമാനയാത്രാ ദുരിതം മാറ്റാനുള്ള നിധിയിലേക്കാണ് ഈ തുക സംഭാവന ചെയ്തത്.

കൊവിഡ് കാലത്ത് പ്രവാസികള്‍ക്ക് വിമാനയാത്രാവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ സമരങ്ങള്‍ ഉള്‍പ്പെടെ നടത്തി ശ്രദ്ധേയമായ പോരാട്ടം നടത്തിയാണ് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അന്നത്തെ അധ്യക്ഷനും ഒല്ലൂര്‍ മുന്‍ എം എല്‍എയുമായിരുന്ന എം.പി വിന്‍സന്‍റ് ശ്രദ്ധ നേടിയത്. കേരളത്തിന്‍റെ സാമ്പത്തിക അടിത്തറയ്ക്ക് പിന്‍ബലം നല്‍കുന്ന പ്രവാസികളോടുള്ള ഈ കടുത്ത അവഗണനയ്ക്ക് എതിരെ സമര പരമ്പര തുടങ്ങിവെച്ച കേരളത്തിലെ ആദ്യത്തെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം. ഈ പോരാട്ടങ്ങളെ മാനിച്ചാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്‍കാസ്-ഒഐസിസി തൃശൂര്‍ ജില്ലാ ഗ്ലോബല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ തുകയാണ് ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എം.പി വിന്‍സന്‍റ് സംഘാടകര്‍ക്ക് തിരികെ നല്‍കിയത്.

ദുബായ് പോലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ ജാസിം ഹസന്‍ ജുമാ ആദരവ് സമ്മാനിച്ചു. ഇന്ത്യയില്‍ ഏറ്റവും അധികം വികസന ഫണ്ട് ചിലവഴിച്ച എംഎല്‍എ എന്ന അംഗീകാരത്തിന് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമില്‍ നിന്നും വിന്‍സന്‍റ് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ടി.എ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍.പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് കേന്ദ്ര-സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജി പോള്‍ മാടശേരി, തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ഇന്‍കാസ് ഭാരവാഹികളായ അഡ്വ. ടി.കെ ആഷിഖ്, എസ്.എം ജാബിര്‍, നദീര്‍ കാപ്പാട്, ബിജു അബ്രഹാം, സഞ്ജു പിള്ള, ബി പവിത്രന്‍, ചന്ദ്രപ്രകാശ് ഇടമന, സതീശന്‍, ജോജു, അഡ്വ. സന്തോഷ് നായര്‍, ബി.എ നാസര്‍, സി.എ ബിജു, ടൈറ്റസ് പുല്ലൂരാന്‍, ഖാലിദ് തൊയക്കാവ്, സി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എം അബ്ദുല്‍ മനാഫ് സ്വാഗതവും ഇന്‍കാസ് ഷാര്‍ജ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍റി തോമസ് നന്ദിയും പറഞ്ഞു. സോഫിയ ബനേഷ് അബ്ദുല്‍ മനാഫിന് ചടങ്ങില്‍ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.