‘കൈവിട്ട ഭരണം, നിയമവാഴ്ചയുടെ നഗ്‌നമായ ലംഘനം’ ; യു.പി സർക്കാരിനെതിരെ തുറന്ന കത്തുമായി മുന്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ തുറന്ന കത്തുമായി മുന്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍. മുന്‍ ഐ.എ.എസ്, ഐ.എഫ്.എസ്, ഐപിഎസ് ഓഫീസര്‍മാരും മുന്‍ ജഡ്ജിമാരും അടക്കമുള്ളവരാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സംസ്ഥാനത്ത് കൈവിട്ട ഭരണമാണെന്നും നിയമവാഴ്ചയുടെ നഗ്‌നമായ ലംഘനങ്ങളാണ് നടക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. ഇരുന്നൂറിലധികം പേര്‍ കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.

സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകളെ നേരിടാന്‍ ജനങ്ങള്‍ക്കുനേരെ ക്രിമിനല്‍ കേസുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായി പരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചകളും ചൂണ്ടിക്കാട്ടുന്നുണ്ട്. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് മുസ്ലിങ്ങള്‍ക്കെതിരെയുള്ള പക്ഷപാതിത്വം വര്‍ധിച്ചു വരികയാണെന്നും കത്തില്‍ ആരോപിക്കുന്നു.

സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. സംസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പോലീസ് ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. പലരേയും അനിയന്ത്രിതമായി തടങ്കലില്‍ വെച്ചിരിക്കുകയാണ്.

ജുഡീഷ്യല്‍ കൊലപാതങ്ങള്‍ അവസാനിപ്പിക്കണം. ഗോരക്ഷയുടെ പേരില്‍ ദേശീയ സുരക്ഷാ നിയമം ദുരുപയോഗം ചെയ്തു. ലൗ ജിഹാദ് വിഷയത്തില്‍ മുസ്ലിങ്ങളെ ഉന്നംവെക്കുകയാണ്. സംസ്ഥാനത്ത് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുകളും പൊലീസും ഉള്‍പ്പെടെ ഭരണത്തിന്റെ എല്ലാ ഭാഗങ്ങളും കൈവിട്ട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പരിശോധിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ രാഷ്ട്രീയത്തിനു സ്ഥാപനങ്ങള്‍ക്കും സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങള്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. കോവിഡ് പ്രതിസന്ധി കാര്യക്ഷമമായിത്തന്നെ കൈകാര്യം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Comments (0)
Add Comment