കൊവിഡ്: മുഖ്യമന്ത്രി പറഞ്ഞ ജാഗ്രത കുറവും അലംഭാവവും ഉണ്ടായത് സർക്കാർ തലത്തിൽ തന്നെ; രേഖകള്‍ പുറത്ത്

Jaihind News Bureau
Tuesday, August 4, 2020

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ അലംഭാവവും ജാഗ്രതക്കുറവും ഉണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോൾ യഥാർത്ഥത്തിൽ വീഴ്ച ഉണ്ടായത് സർക്കാർ തലത്തിൽ തന്നെയെന്ന് രേഖകൾ. രോഗം തടയാൻ ലോക്ക്ഡൗൺ പര്യാപ്തമല്ലെന്ന് ഉന്നതതല യോഗത്തിൽ ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരം നഗരത്തിലടക്കം ലോക്ക്ഡൗൺ കൊണ്ട് പ്രയോജനം ഉണ്ടായില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയമാണെന്നുമുള്ള വിമർശനങ്ങൾ ശക്തമായിരിക്കെയാണ് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം പുറത്ത് വന്നിരിക്കുന്നത്.

കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവവും ജാഗ്രതക്കുറവും ഉണ്ടായെന്ന കുറ്റസമ്മതത്തിന് പിന്നാലെ അതിന്‍റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്‍റെ തലയിൽ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞ ജാഗ്രതക്കുറവ് യഥാർത്ഥത്തില്‍ ഉണ്ടായത് സർക്കാർ തലത്തിൽ തന്നെയാണ്.

ജാഗ്രത കുറവ് കൊണ്ടാണ് കേരളത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ചതെന്ന് സർക്കാർ വിലയിരുത്തുമ്പോൾ ആരോഗ്യ വകുപ്പിന്‍റെ പരാജയമാണ് ഇവിടെ വെളിവാകുന്നത്. ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പോലീസിനെ ഏൽപ്പിച്ചത്. കൂടുതൽ കണ്ടെയ്ന്‍റ്മെന്‍റ് സോണുകൾ ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇക്കഴിഞ്ഞ 28 ആം തീയതി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിന്‍റെ മിനിട്‌സിന്‍റെ പകർപ്പാണിത്. ലോക്ക്ഡൗൺ കൊണ്ട് ക്ലിനിക്കലായി യാതൊരു പ്രയോജനവുമില്ലെന്നാണ് ചീഫ് സെക്രട്ടറി യോഗത്തിൽ അഭിപ്രായപ്പെട്ടത്.

ജൂലൈ ഒന്ന് വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്കായിരുന്നു. ഇത് 27-ആം തീയതി ആകുമ്പോൾ 13-ആയി ഉയർന്നു. ലോക്ക്ഡൗൺ കൊണ്ട് രോഗത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്നതിന്‍റെ ഏറ്റവും നല്ല തെളിവാണ് ഇതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ കൊണ്ട് കിട്ടുന്ന പ്രയോജനം ആരോഗ്യരംഗത്ത് സംവിധാനമൊരുക്കാൻ സമയം കിട്ടുമെന്ന അഭിപ്രായവും മാത്രമാണെന്ന അഭിപ്രായവും അദ്ദേഹം പങ്ക് വച്ചിരുന്നു. ചുരുക്കത്തിൽ തിരുവനന്തപുരം നഗരം ദിവസങ്ങളോളം അടച്ചിട്ടത് കൊണ്ട് യൊതൊരു പ്രയോജനവുമുണ്ടായില്ല എന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. ഈ മിനിട്‌സിൽ ആരോഗ്യ വകുപ്പിന്‍റെ പുതിയ ഉപദേശകൻ രാജീവ് സദാനന്ദനും ഒപ്പുവെച്ചിട്ടുണ്ട്. ലോക്ക്ഡൗൺ രോഗ വ്യാപനം തടയുന്നതിന് പരിഹാരമല്ലെന്ന് ഐ.എം.എ സംസഥാന പ്രസിഡന്‍റ് ഡോ. എബ്രഹാം വർഗ്ഗീസും ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം നഗരം ആഴ്ചകളോളം അടച്ചിട്ടിട്ടും വേണ്ടത്ര സംവിധാനം ഒരുക്കാത്തത് ആരോഗ്യ വകുപ്പിന്‍റേത് ഗുരുതരമായ വീഴ്ചയാണ്. യഥാർത്ഥത്തിൽ മുഖ്യമന്ത്രി പറഞ്ഞ അലംഭാവത്തിന്‍റെ യഥാർത്ഥ കാരണത്തിന്‍റെ ഉത്തരവാദി ആരോഗ്യവകുപ്പും സർക്കാരുമാണ്. തിരുവനന്തപുരം ജില്ലയിൽ രോഗവ്യാപനം ക്രമാതീകമായി വർദ്ധിക്കുമ്പോൾ കണ്ടെയ്ന്‍റ്മെന്‍റ് സോണുകളിൽ പോലും ആവശ്യത്തിന് പരിശോധന നടക്കുന്നില്ല എന്ന ആരോപണവും ശക്തമാണ്.