കേരളത്തിലെ ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും പുനര്‍വിചിന്തനവും ആവശ്യം : ഡോ. മന്‍മോഹന്‍ സിംഗ്

Jaihind News Bureau
Tuesday, March 2, 2021

 

തിരുവനന്തപുരം : സാമൂഹിക നിലവാരം ഉയര്‍ന്നതാണെങ്കിലും കേരളം ഭാവിയില്‍ അതീവ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മറ്റ് നിരവധി മേഖലകളുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും പുനര്‍വിചിന്തനവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ്( RGIDS) സംഘടിപ്പിച്ച ‘പ്രതീക്ഷ 2030’ വികസന സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്.

കേരളത്തിന് മറികടക്കേണ്ട നിരവധി തടസങ്ങളുണ്ട്. രണ്ടുമൂന്ന് വര്‍ഷമായി തുടരുന്ന ആഗോള മാന്ദ്യത്തെ പകര്‍ച്ചവ്യാധി രൂക്ഷമാക്കി. ഇത് കേരളവും പുറം ലോകവുമായുള്ള ബന്ധത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. ഡിജിറ്റല്‍ രീതികളുടെ വര്‍ധിച്ച ഉപയോഗം വിവര സാങ്കേതിക മേഖലയെ മുന്നോട്ട് നയിച്ചേക്കാമെങ്കിലും ടൂറിസം മേഖലയെ വലിയതോതില്‍ ബാധിക്കും. പകര്‍ച്ചവ്യാധി എത്രത്തോളം രൂക്ഷമാകുന്നുവോ അത്രത്തോളം തന്നെ ടൂറിസം മേഖലയിലെ വെല്ലുവിളികളും വര്‍ധിക്കാനാണ് സാധ്യത. കേരളത്തിലും മറ്റ് പല സംസ്ഥാനങ്ങളിലും പബ്ലിക് ഫണ്ടിംഗ് താറുമാറാണ്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് അമിതമായ വായ്പയെടുക്കേണ്ടിവരുന്നു. ഇത് ഭാവില്‍ സംസ്ഥാന ബജറ്റുകള്‍ക്ക് അമിതഭാരം നല്‍കും.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിക്കുന്ന രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വികസന ആസൂത്രണത്തിനായി പ്രയത്‌നിക്കുന്നു എന്നതിലും, ഈ പ്രയത്‌നങ്ങളെയെല്ലാം വോട്ടുകളാക്കി മാറ്റി യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുന്നതിനായി ഒരു ചട്ടക്കൂട് ആവിഷ്‌ക്കരിക്കുന്നു എന്നതിലും സന്തോഷമുണ്ട്. വിഷമ ഘട്ടത്തിനിടയിലും, യു.ഡി.എഫിന്റെ വ്യക്തമായ ദിശബോധത്തോടെയും ആസൂത്രിത വളര്‍ച്ചയ്ക്കായുമുള്ള നിശ്ചയ ദാര്‍ഢ്യവും, സാധാരണക്കാരോടുള്ള താല്‍പ്പര്യവും, കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവനും പ്രതീക്ഷ നല്‍കുന്നതാണ്.

യു.ഡി.എഫിന്‍റെ അന്തിമ പ്രകടന പത്രികയില്‍ സാധാരണക്കാരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആശയങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.ഡി.എഫ് പൊതുജന പ്രതികരണത്തിനായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കരട് പ്രകടന പത്രികയില്‍ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ന്യായ് പദ്ധതി പോലുള്ള വിപ്ലവകരമായ ആശയങ്ങള്‍ ഉള്‍പ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്. നമുക്കിടയിലുള്ള ദരിദ്രര്‍ക്ക് നേരിട്ട് ആനുകൂല്യ കൈമാറ്റം ചെയ്യുന്നതിന് ന്യായ് പദ്ധതി സഹായകമാകും. കൂടുതല്‍ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ബില്‍ രഹിത ആരോഗ്യ പരിപാലനവും സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റ് നടപടികളും പങ്കാളിത്ത വികസനത്തെ ശക്തിപ്പെടുത്തും. ഒപ്പം സമഗ്രവികസനത്തിനുള്ള ഒരു ചട്ടക്കൂട് രൂപകല്‍പ്പന ചെയ്യുന്നതിനും ഇത് സഹായകമാകും. കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിന്റെ അന്തസത്തയും ഇതാണ്. ഐക്യ ജനാധിപത്യ മുന്നണിയിലെ പാര്‍ട്ടികളൊന്നടങ്ങം ഈ ദിശയില്‍ ചിന്തിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞു. ഇത് വിദേശത്തുനിന്നും വന്‍തോതില്‍ പണമയയ്ക്കല്‍ സാധ്യമാക്കി. അതിലൂടെ റിയല്‍ എസ്റ്റേറ്റ് മേഖല ശക്തമാകുകയും വിനോദസഞ്ചാര, വിവരസാങ്കേതിക വിദ്യകള്‍ നേതൃത്വം നല്‍കുന്ന സേവനമേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ വ്യവസായത്തിന് സഹായകരമായ അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കുക വഴിയുണ്ടാകുന്ന തൊഴിലധിഷ്ഠിതമായ ഇടത്തരം, ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ച, പ്രൊഫഷണലുകളുടെ പ്രവാഹം, അസംഘടിത തൊഴിലാളികളുടെ വരവ് തുടങ്ങിയവ കേരളത്തിന് ആഗോള കാഴ്ചപ്പാട് നല്‍കുന്നു. തിരുവനന്തപുരത്ത് രാജ്യത്തെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് സൃഷ്ടിച്ചതു മുതല്‍ പ്രകടമാകുന്ന കാര്യമാണിത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കീഴില്‍ അദ്ദേഹത്തിന്‍റെ നേരിട്ടുള്ള നേതൃത്വത്തില്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് റിസോഴ്‌സിന്‍റെ സഹകരണത്തോടെ ഒരു ദര്‍ശന രേഖ തയാറാക്കുന്നുവെന്ന് പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. വിപുലമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആവിഷ്‌ക്കരിച്ച ഈ ദര്‍ശന രേഖയില്‍ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിനെക്കുറിച്ച് വിഭാവനം ചെയ്തിട്ടുണ്ടെന്നും കേരളത്തിന്‍റെ ശക്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ അതിന്‍റെ അടിത്തറയായെന്നും എനിക്കറിയാം. 2030-ഓടെ കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം നോര്‍ഡിക് രാജ്യങ്ങളിലേതുപോലെ ഉയര്‍ത്താനും വരുമാന വിതരണത്തിലെ അസമത്വം കുത്തനെ കുറയ്ക്കാനും സാമൂഹിക അളവുകോലുകള്‍ കണക്കിലെടുത്ത് സംസ്ഥാനം നേടിയ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണിത്.

ആര്‍.ജി.ഐ.ഡി.എസ് പ്രതീക്ഷ 2030- ദര്‍ശന രേഖയില്‍ അവതരിപ്പിച്ച ആശയങ്ങള്‍ കേരളത്തിലെ പ്രബുദ്ധരും ദീര്‍ഘവീക്ഷണമുള്ളവരുമായ ജനങ്ങള്‍ക്ക് സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുള്ള പ്രയാണത്തില്‍ യു.ഡി.എഫ് കാണിക്കുന്ന ഐക്യവും, വ്യക്തതയും ഈ വര്‍ഷം കേരളത്തെ പ്രതീക്ഷിച്ച നിമിഷത്തിലേക്ക് എത്തിക്കുമെന്ന് കാര്യത്തില്‍ തനിക്ക് ഉറച്ച പ്രതീക്ഷയുണ്ടെന്നും ഡോ.മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.