ജനം വോട്ടിനിട്ട് തള്ളിയ മോദി-ഷാ ‘ഷോ’; പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തിയ ഇടങ്ങളിലും തകർന്നടിഞ്ഞ് ബിജെപി; കണ്ടത് രാഹുല്‍ പ്രഭാവം

Jaihind Webdesk
Saturday, May 13, 2023

 

ബംഗളുരു: കർണാടക തോല്‍വിയില്‍ അടിപതറിയ ബിജെപിക്ക് നഷ്ടം കന്നഡ മണ്ണിന്‍റെ ഭരണം മാത്രമല്ല. രാജ്യം തന്നെ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറെ കൊട്ടിഘോഷിച്ച ‘മോദി പ്രഭാവം’ എന്നത് കടലാസ് പുലി മാത്രമാണെന്ന് തെളിയിച്ച വിധിയെഴുത്ത് കൂടിയാണ് കർണാടകയില്‍ കണ്ടത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാടടച്ചു നടത്തിയ വർഗീയ പ്രചാരണത്തിന് കർണാടകയിലെ പ്രബുദ്ധരായ ജനങ്ങള്‍ മുഖമടച്ചുള്ള തിരിച്ചടി നല്‍കിയതോടെ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാമെന്ന ബിജെപിയുടെ മോഹങ്ങളും വാടിക്കരിഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ജനം എത്രത്തോളം നെഞ്ചേറ്റിയെന്നതിന്‍റെ സാക്ഷ്യം കൂടിയാണ് കർണാടക ഫലം. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലുകളെ സധൈര്യം നേരിട്ട് നിലപാടുകളിലുറച്ച് മുന്നേറുന്ന രാഹുലിന്‍റെ വ്യക്തിപ്രഭാവവും ഉയർത്തിക്കാട്ടുന്നതായി കന്നഡ മണ്ണിലെ കോണ്‍ഗ്രസ് തേരോട്ടം.

കടുത്ത ഭരണവിരുദ്ധ വികാരം നിലനിന്ന കർണാടകയില്‍ പതിവുപോലെ വർഗീയത പറഞ്ഞും ഭിന്നിപ്പിച്ചും നേട്ടമുണ്ടാക്കാന്‍ തന്നെയായിരുന്നു ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ കോണ്‍ഗ്രസ് ചിട്ടയായ പ്രവർത്തനങ്ങളോടെ മുന്നോട്ടുപോയതോടെ ബിജെപി ക്യാമ്പ് അങ്കലാപ്പിലായി. ബിജെപി വർഗീയതയുടെ വിഷം തുപ്പിയപ്പോള്‍ കർണാടകയിലെ ജനകീയ പ്രശ്നങ്ങളിലൂന്നിയും വികസന കാഴ്ചപ്പാട് അവതരിപ്പിച്ചും കോണ്‍ഗ്രസ് കളം നിറഞ്ഞു. പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും എണ്ണയിട്ട യന്ത്രം പോലെ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ കന്നഡ മണ്ണിനെ ഇളക്കിമറിച്ച പ്രചാരണയോഗങ്ങള്‍ നടന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി മുഴുവന്‍ സമയവും ശ്രദ്ധ ചെലുത്തി. സ്വന്തം തട്ടകത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയ്ക്കൊപ്പം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും എത്തിയതോടെ ബിജെപി പ്രതിരോധത്തിന്‍റെ പത്മവ്യൂഹത്തിലായി.

പ്രചാരണത്തിനായി സാക്ഷാല്‍ നരേന്ദ്ര മോദിയെ തന്നെ ഇറക്കിയെങ്കിലും കർണാടകയുടെ ജനമനസില്‍ ചെറുചലനം പോലും സൃഷ്ടിക്കാനായില്ലെന്ന് വ്യക്തമാക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും ഉള്‍പ്പെടുന്ന സംഘം കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തി. എന്നാല്‍ വർഗീയത വിളമ്പിയ മോദി-ഷാ ‘ഷോ’കളെ കർണാടകയുടെ പ്രബുദ്ധരായ വോട്ടർമാർ വോട്ടിനിട്ട് തള്ളി. നരേന്ദ്ര മോദി നേരിട്ട് പ്രചാരണം നടത്തിയ മേഖലകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതോടെ മോദി പ്രഭാവം എന്ന ബിജെപിയുടെ അവകാശവാദവും താമര  പോലെ വാടി. കോണ്‍ഗ്രസിനെ നെഞ്ചേറ്റിയ കർണാടകയിലെ ജനങ്ങള്‍ ബിജെപിയുടെ വർഗീയതയുടെയും ഭിന്നിപ്പിന്‍റെയും രാഷ്ട്രീയത്തിന് ശക്തമായ താക്കീതാണ് വിധിയെഴുത്തിലൂടെ നല്‍കിയത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്നുപോയ മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ശുഭസൂചന കൂടിയായി കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കർണാടക വിധിയെഴുത്ത്.