‘എനിക്കെതിരെ വധശ്രമം ഉണ്ടായിട്ടും പോലീസ് കേസെടുത്തില്ല; ആഭ്യന്തരവകുപ്പിന്‍റെ ചുമതല ആര്‍ക്കാണ്?’; മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി ഗവർണർ

Jaihind Webdesk
Saturday, September 17, 2022

കൊച്ചി: മുഖ്യമന്ത്രിയുടെ വിമർശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്ന് വർഷം മുമ്പ് തനിക്കെതിരായ നടന്ന വധശ്രമത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച ഗവർണർ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞത് ആരെന്നും ചോദിച്ചു. ആഭ്യന്തരവകുപ്പിന്‍റെ ചുമതല ആർക്കാണെന്ന ചോദ്യത്തിലൂടെ മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിർത്തിയ ഗവർണർ യൂണിവേഴ്സിറ്റികളിലെ അനധികൃത നിയമനം അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചു.

മൂന്ന് വർഷം മുമ്പ് തനിക്കെതിരെ വധശ്രമം ഉണ്ടായി. പിന്നില്‍ ഗൂഢാലോചനയുണ്ട്. കേസെടുക്കാൻ പോലീസ് തയാറായില്ല. ആരാണ് പോലീസിനെ തടഞ്ഞത്? ആർക്കാണ് ആഭ്യന്തരവകുപ്പിന്‍റെ ചുമതല? ഇപ്പോൾ മുഖ്യമന്ത്രി മറനീക്കി പുറത്തുവന്നതിൽ സന്തോഷം. യോഗ്യതയില്ലാത്തവരെ വാഴ്‌സിറ്റികളിൽ നിയമിക്കാൻ അനുവദിക്കില്ല. വാഴ്‌സിറ്റികൾ ജനങ്ങളുടേതാണ്. കുറച്ചുകാലം അധികാരത്തിൽ ഇരിക്കുന്നവരുടേതല്ല. കലാലയങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുന്നതിൽ ഇവർക്ക് ആശങ്കയുണ്ടോ? – ഗവർണർ ചോദിച്ചു.

ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. ഫോൺ കോളുകൾക്കും കത്തുകൾക്കും മുഖ്യമന്ത്രി മറുപടി നൽകില്ല. തന്നെ എന്തിനാണ് മുഖ്യമന്ത്രിക്ക് പേടിയെന്നും ഗവർണർ കൊച്ചിയില്‍ ചോദിച്ചു. ഒരിടവേളയ്ക്ക് ശേഷം ഗവർണര്‍-സര്‍ക്കാര്‍ പോരാട്ട നാടകത്തിന് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശങ്ങളാണ് ഗവർണറെ പ്രകോപിപ്പിച്ചത്. ഗവർണറുടെ പെരുമാറ്റം അപക്വമാണെന്നും പദവിക്ക് അനുസരിച്ച് പെരുമാറണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരമാർശം. വിവാദമായ ലോകായുക്ത, സർവകലാശാല ബില്ലുകളില്‍ ഗവർണർ ഒപ്പിടില്ലെന്ന് ഏറെക്കുറെ വ്യക്തമായതോടെയാണ് മുഖ്യമന്ത്രി തന്നെ ഗവർണറെ നേരിട്ട് കടന്നാക്രമിച്ചത്. ഇതിനാണ് ഒരുപടി കൂടി കടന്ന്, മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഗവർണർ നടത്തിയ തിരിച്ചടി.