തിരുവനന്തപുരം: വിശ്വാസ സമൂഹത്തിനെതിരായ ഇടതുസര്‍ക്കാരിന്റെ നിരന്തരമായ നടപടികള്‍ക്കെതിരെ ശക്തമായ ജനമുന്നേറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. വിശ്വാസ സംരക്ഷണത്തിനായി നടത്തുന്ന യാത്ര ജനമുന്നേറ്റമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാര ലംഘനങ്ങള്‍ക്കും സ്വര്‍ണ്ണ കൊള്ളക്കുമെതിരെ കെ.പി.സി.സി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണജാഥ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാര്‍ നിരന്തരമായി വിശ്വാസ സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ വ്രണപ്പെടുത്തുകയാണെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുവാന്‍ ഇടതു സര്‍ക്കാര്‍ നടത്തിയ നിര്‍ബന്ധ ബുദ്ധി കേരളം മറന്നിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കാണിക്ക പോലും അടിച്ചുമാറ്റുന്നവരാണ് ഇന്ന് ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത്. ദേവസ്വം മാനുവല്‍ ലംഘിച്ചാണ് ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണപ്പാളികള്‍ പുറത്തുകൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
ഈ കൊള്ളയ്ക്ക് പിന്നില്‍ ഉണ്ണികൃഷ്ണന് പോറ്റി മാത്രമല്ലെന്നും ഉന്നതതല ഇടപെടലുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘ഒരു ഉണ്ണികൃഷ്ണന് പോറ്റി മാത്രം വിചാരിച്ചാല്‍ ശബരിമലയിലെ കോടാനുകോടി രൂപയുടെ സ്വര്‍ണം അടിച്ചുമാറ്റാന്‍ കഴിയില്ല. കുറച്ചുനാള്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ അയ്യപ്പ വിഗ്രഹം തന്നെ അടിച്ചുമാറ്റിയേനെ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ ദേവസ്വം മന്ത്രി രാജിവെച്ച് മാറിനിന്ന് അന്വേഷണം നേരിടണം. മുന്‍ ദേവസ്വം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, കെ. രാധകൃഷ്ണനും, നിലവിലെ മന്ത്രി വി.എന്‍. വാസവനും ഈ കൊള്ളയ്ക്ക് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്പലം വിഴുങ്ങികളെ മുഴുവന്‍ പൊതുസമൂഹത്തില്‍ തുറന്നുകാട്ടുമെന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.