ലക്‌നൗ: വിലക്കയറ്റത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ കത്ത്. ആറുവയസുകാരി കൃതി ദുബെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പെന്‍സിലിന്‍റെ വില കൂട്ടിയതിനാല്‍ ആവശ്യത്തിന് പെന്‍സില്‍ തനിക്ക് ലഭിക്കുന്നില്ലെന്നും ചോദിച്ചാല്‍ അമ്മ ദേഷ്യപ്പെടുന്നുവെന്നും ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയാണ് കൃതി കത്തില്‍ പരാതി പറയുന്നു. ഇത് മകളുടെ ‘മന്‍ കി ബാത്’ ആണെന്ന് അഭിഭാഷകനായ പിതാവ് വിശാൽ ദുബെ പ്രതികരിച്ചു. നിരവധി പേരാണ് കൃതിയുടെ കത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞു കൃതി പ്രധാനമന്ത്രിക്കെഴുതിയ കത്ത് ശ്രദ്ധേയമാകുന്നത്.
കൃതി ദുബേയുടെ കത്തിന്‍റെ ഉള്ളടക്കം:
‘ എന്‍റെ പേര് കൃതി ദുബേ. ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ചില സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഞാനുപയോഗിക്കുന്ന പെന്‍സിലിന്‍റെയും റബറിന്‍റെയും വില പോലും കൂട്ടിയിരിക്കുന്നു. മാഗിയുടെ വിലയും കൂട്ടി. ഒരു പെന്‍സില്‍ ചോദിക്കുമ്പോള്‍ അമ്മ എന്നെ തല്ലുകയാണ്. ഞാനെന്ത് ചെയ്യണം. മറ്റ് വിദ്യാര്‍ത്ഥികള്‍ എന്‍റെ പെന്‍സില്‍ മോഷ്ടിക്കുന്നുമുണ്ട്. 70 ഗ്രാമുള്ള ചെറിയ പാക്കറ്റ് മാഗിക്ക് 14 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നു. 32 ഗ്രാം പാക്കറ്റിന്‍റെ വില ഏഴായും വര്‍ധിപ്പിച്ചു’