സർക്കാരിനെ ഇടത് അനുകൂലികൾപോലും വെറുത്തു; ഏതറ്റംവരെയും പോകുമെന്നതിന് ‘കാഫിർ’ തെളിവ്, ഷാഫി പറമ്പിൽ

Monday, August 26, 2024

 

കോഴിക്കോട്: സംസ്ഥാന സർക്കാരിനെ ഇടത് അനുകൂലികൾപോലും വെറുത്തെന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. കെഎസ്‌യു ജില്ലാ പഠന ക്യാമ്പിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്യാമ്പസുകളിലും ഈ വികാരം ശക്തമാണെന്നതിന്‍റെ തെളിവാണ് സർവകലാശാല യൂണിയൻ, സ്കൂൾ പാർലമെന്‍റ് തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്കുണ്ടായ തിരിച്ചടി. നാലുവോട്ടിനുവേണ്ടി ഏതറ്റംവരെയും പോകാൻ മടിയില്ലാത്തവരായി സിപിഎം മാറി എന്നതിന് തെളിവാണ് വ്യാജ കാഫിർ സ്ക്രീൻഷോട്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യു  ജില്ലാ പ്രസിഡന്‍റ് വി.ടി. സൂരജ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ, എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറിമാരായ അനുലേഖ ബൂസ, കെ.എം. അഭിജിത്ത്, ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ, കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, വി.പി. ദുൽഖിഫിൽ, പി. വാസു, ആൻ സെബാസ്റ്റ്യൻ, അർജുൻ കറ്റയാട്ട് തുടങ്ങിയവർ സംസാരിച്ചു.