‘കേന്ദ്രം അനുമതി നല്‍കിയാലും കേരളത്തെ തകർക്കുന്ന പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല, കെ റെയില്‍ സമരം തുടരും’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, September 1, 2023

 

കോട്ടയം: കെ റെയിൽ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിൽവർലൈൻ പദ്ധതി സർക്കാർ പിൻവലിക്കുന്നതുവരെ സമരമുഖത്ത് തുടരുന്ന കെ റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേന്ദ്ര അനുമതി ലഭിച്ചാലും പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന പദ്ധതി  നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. സിൽവർലൈൻ വിരുദ്ധ ജനകീയസമിതിയുടെ സമരം 500 ദിവസം പിന്നിട്ടതിന്‍റെ ഭാഗമായി കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഘമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്‍റെ സിൽവർലൈൻ പദ്ധതിക്കെതിരെ നടെങ്ങും വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്. ചങ്ങനാശേരി മാടപ്പള്ളിയിലും സിർവർലൈനിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സാധാരണക്കാരായ ജനങ്ങളാണ് മാടപ്പള്ളി സമരമുഖത്ത് ഇറങ്ങിയത്. ഇവർക്ക് നേരെ  പോലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തി.

കഴിഞ്ഞ വർഷം മാർച്ച് 17 നടന്ന സമരത്തിന് പിന്നാലെ ഏപ്രിൽ 20 സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാടപ്പള്ളിയിൽ സ്ഥിരസമരസമിതി ആരംഭിച്ചു. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയർന്ന ഈ പ്രതിഷേധ സമരത്തിന് ഇന്ന് 500 ദിവസം തികഞ്ഞു. പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണമെന്നും സമരം ചെയ്തവർക്ക് എതിരെ എടുത്ത കേസുകൾ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് കോട്ടയത്ത് ഇന്ന് കെ റെയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. സിൽവർ ലൈന്‍ പദ്ധതി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധ സംഘമം  ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിക്കെതിരെ ഇപ്പോഴും വ്യാപക പ്രതിഷേധമാണ് മാടപ്പള്ളിയിൽ ഉള്ളത്. സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതിക്ക് പൂർണ്ണപിന്തുണ യുഡിഎഫ് നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറ പ്രതിഷേധ സംഗമത്തിന് അധ്യക്ഷത വഹിച്ചു. ആന്‍റോ ആൻറണി എംപി, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടക്കം നിരവധിപേർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.