RAMESH CHENNITHALA| ‘അയ്യപ്പന് പോലും സംഗമം ഇഷ്ടമായില്ല; സംഗമം പരാജയം ആയെന്ന് മന്ത്രി വാസവന്‍ എങ്കിലും സമ്മതിക്കണം’-രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, September 20, 2025

ആഗോള അയ്യപ്പ സംഗമം വന്‍ പരാജയം എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. 50 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ വരുമെന്ന് പറഞ്ഞു, ആരും വന്നില്ലന്നും, മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോ എല്ലാവരും പോയിയെന്നും അദ്ദേഹം പരിഹസിച്ചു. അയ്യപ്പന്റെ അനിഷ്ടം ഈ പരിപാടിക്ക് ഉണ്ടായി. എന്നാല്‍ യുഡിഎഫ് ചോദിച്ച ഒന്നിനും മറുപടി മുഖ്യമന്ത്രി തന്നില്ലന്നും, ഒരു ചര്‍ച്ചയും നടക്കുന്നില്ലന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അയ്യപ്പന് പോലും സംഗമം ഇഷ്ടപ്പെട്ടില്ലന്നും, സംഗമം പരാജയം ആയെന്ന് മന്ത്രി വാസവന്‍ എങ്കിലും സമ്മതിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പുരോഗതിക്ക് വേണ്ടിയുള്ള ഒരു ചര്‍ച്ചയും ഉണ്ടായില്ലെന്നും, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവ് ആയിരുന്നു അയ്യപ്പ സംഗമം എന്നും, അത് പൊളിഞ്ഞു പോയി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സ്ത്രീ പ്രവേശനത്തിനു വേണ്ടി വാദിച്ച മുഖ്യമന്ത്രി ഇന്ന് ഒന്നും പറഞ്ഞില്ലന്നും, ചെയ്ത കാര്യം തെറ്റായി പോയെന്ന് പിണറായി വിജയന്‍ പറയണം എന്നും, സര്‍ക്കാര്‍ നടത്തിയ അയ്യപ്പ സംഗമം ‘ വേസ്റ്റ് ഓഫ് മണി, വേസ്റ്റ് ഓഫ് ടൈം’ ആണെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.