ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത; ആദ്യ ട്രെയിന്‍ ഇന്ന് വൈകിട്ട് കടന്നുപോകും

Jaihind Webdesk
Sunday, May 29, 2022

 

കോട്ടയം: ഇരട്ടിപ്പിച്ച ഏറ്റുമാനൂർ -ചിങ്ങവനം റെയിൽപാതയിലൂടെ ഇന്ന് വൈകിട്ട് ആദ്യ ട്രെയിന്‍ കടന്നുപോകും. ട്രെയിൻ സർവീസുകൾക്കായി പാത ഇന്ന് വൈകിട്ട് 6 മണിക്ക് തുറന്നുകൊടുക്കും. പാലക്കാട് ജംക്‌ഷൻ – തിരുനൽവേലി പാലരുവി എക്സ്പ്രസ് ആകും പുതിയ പാതയിലൂടെ ആദ്യ സർവീസ് നടത്തുക.

നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത എന്ന സ്വപ്നം ഇന്ന് പൂവണിയും. കായംകുളം – കോട്ടയം – എറണാകുളം ഇരട്ടപ്പാതയാണ് നിർമാണാനുമതി ലഭിച്ച് 21 വർഷത്തിനുശേഷം ഇന്ന് പൂർത്തിയാകുന്നത്. ഏറ്റുമാനൂർ റെയിൽവേസ്റ്റേഷന് സമീപം പാറോലിക്കൽ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേർക്കുന്ന ജോലിയാണ് ഇന്ന് തീരാനുള്ളത്. ഇത് പൂർത്തിയായാൽ ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (സിഎഒ) അവസാന വട്ട പരിശോധന നടത്തും. അതിനു ശേഷം ട്രെയിൻ ഗതാഗതത്തിന് അനുമതി നൽകും. ഇന്ന് വൈകിട്ട് ആറോടെ പാത സജ്ജമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

അതേസമയം ഇരട്ടപാതയുടെ നിർമ്മാണം പൂർത്തിയാക്കി ട്രെയിൻ സർവീസുകൾ ആരംഭിച്ചാലും കോട്ടയം റെയിൽവേ സ്റ്റേഷന് മുമ്പിൽ കടമ്പകൾ ഏറെയാണ്. കോട്ടയം റെയിൽവേ സ്റ്റേഷൻ വികസനം പൂർത്തിയാക്കാൻ ഇനി ഡിസംബർ വരെ കാത്തിരിക്കേണ്ടിവരും. സ്റ്റേഷനിലെ നവീകരണം, രണ്ടാം കവാടം നിർമ്മാണം തുടങ്ങിയവ ഇനിയും ബാക്കിയുണ്ട്. ഇരട്ടപ്പാത തുറന്നാലും കോട്ടയം യാർഡിലെ പണി ഇനിയും ബാക്കിയാണ്.

ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവെ ഇരട്ടപ്പാത നിർമ്മാണം പൂർത്തിയാകുന്നതോടെ പൂർണ്ണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തും. എന്നാൽ ഇനി എന്തൊക്കെ മാറ്റങ്ങളാണ് റെയിൽവേ ഇവിടെ വരുത്താനിരിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടതാണ്.