ജൂലൈ 31 വരെ വിമാനമില്ലെന്ന് ഇത്തിഹാദ് : മറ്റു വിമാനക്കമ്പനികളുടെ നിലപാട് അറിയാന്‍ കാത്ത് ആയിരങ്ങള്‍ ; യാത്രാദുരിതം 3 മാസം തികയുന്നു

Elvis Chummar
Saturday, July 17, 2021

ദുബായ് : ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സര്‍വീസില്ലെന്ന് അബുദാബി കേന്ദ്രമായ ഇത്തിഹാദ് എയര്‍വേസ് ട്വിറ്ററിലൂടെ അറിയിച്ചു. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അറിയിപ്പ് അനുസരിച്ച്, ജൂലൈ 21 വരെ യാത്രാവിലക്ക് ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഈ മാസം 31 ലേക്ക് മാറ്റിയിയത്. പാകിസ്താന്‍, ബംഗ്ലാദേശ് , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇതോടൊപ്പം 31 വരെ നീട്ടിയെന്ന് എത്തിഹാദ് അറിയിച്ചു.

ഇതോടെ, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് ഇനിയും വൈകനാണ് സാധ്യത. ജൂലൈ 31 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസാണ് ആദ്യം അറിയിച്ചത്. യാത്രക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന നിലക്കാണ് ഇത്തിഹാദ് ട്വിറ്ററിലൂടെ ഈ വിശദീകരണം നല്‍കിയത്. ജൂലൈ 21 ന് ശേഷം യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷയ്ക്ക് ഇതോടെ മങ്ങലേറ്റു.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ മാസം 24 മുതലാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാവിലക്ക് നിലവില്‍ വന്നത്. തുടര്‍ന്ന് യാത്രാ വിമാന സര്‍വീസുകള്‍ നിലച്ചു പോയി. ജൂണ്‍ 23 ന് സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, വിലക്ക് വീണ്ടും നീട്ടുകയായിരുന്നു. എത്തിഹാദ് നിലവില്‍ ജൂലൈ 31 എന്ന പുതിയ തിയതി പ്രഖ്യാപിച്ചതോടെ, ഇനി ദുബായിയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സും ഷാര്‍ജയുടെ എയര്‍ അറേബ്യ വിമാനക്കമ്പനിയും എന്ത് നിലപാട് എടുക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് നാട്ടില്‍ കുടുങ്ങി കിടക്കുന്ന ആയിരങ്ങള്‍.