എത്യോപ്യൻ അഗ്നിപർവത ചാരം ഉത്തരേന്ത്യൻ ആകാശത്ത്; വിമാന സർവീസുകൾക്ക് ഭീഷണി

Jaihind News Bureau
Tuesday, November 25, 2025

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ഹയ്ലി ഗുബ്ബി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ ചാരവും പൊടിപടലങ്ങളും ഉത്തരേന്ത്യന്‍ ആകാശത്ത് വ്യാപിക്കുന്നത് വ്യോമഗതാഗത മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഏകദേശം 12,000 വര്‍ഷം നിര്‍ജ്ജീവാവസ്ഥയില്‍ കിടന്ന ശേഷമാണ് ഈ അഗ്‌നിപര്‍വതം കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 14 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ചാരം പറന്നുപൊങ്ങി. സ്‌ഫോടനം അവസാനിച്ചെങ്കിലും കാറ്റില്‍ പടരുന്ന ചാരമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യെമന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും അറബിക്കടലിനും മുകളിലൂടെ സഞ്ചരിച്ചാണ് ചാരമേഘങ്ങള്‍ ഇന്ത്യയിലെത്തിയത്.

വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു, റദ്ദാക്കി

ചാരമേഘങ്ങളുടെ വ്യാപനം കാരണം വിമാന സര്‍വീസുകളെ ബാധിച്ചുതുടങ്ങി. ഇന്നലെ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരികെപ്പോകാനുള്ള സൗകര്യം ഒരുക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. കൂടാതെ, വൈകുന്നേരം ജിദ്ദയില്‍ നിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയര്‍ വിമാനവും, ദുബായില്‍ നിന്ന് കൊച്ചിയിലെത്തേണ്ട ഇന്‍ഡിഗോ വിമാനവും റദ്ദാക്കുകയും ചെയ്തു.

ഉത്തരേന്ത്യന്‍ ആകാശത്ത് ചാരമേഘങ്ങള്‍

ഇന്നലെ രാത്രി എട്ടോടെ ചാരമേഘങ്ങള്‍ രാജസ്ഥാന്‍ ഭാഗത്ത് എത്തിച്ചേര്‍ന്നു. നിലവില്‍ ഏകദേശം 25,000 മുതല്‍ 45,000 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ഈ ചാരമേഘങ്ങള്‍ ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. വിമാനത്താവളങ്ങളിലെ റണ്‍വേകള്‍ പരിശോധിച്ച്, ആവശ്യമെങ്കില്‍ സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഉഏഇഅ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിമാനങ്ങള്‍ക്ക് ഭീഷണി

അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍ വിമാനങ്ങള്‍ക്ക് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പൊടിപടലങ്ങള്‍ വിമാനത്തിന്റെ എന്‍ജിനിലേക്ക് കടക്കുന്നത് ടര്‍ബൈന്‍ ബ്ലേഡുകളും പ്രൊപ്പല്ലറും തകരാറിലാക്കാം. കൂടാതെ, കോക്പിറ്റ് ജാലകങ്ങളില്‍ ഉരസി കാഴ്ച മങ്ങലേല്‍പ്പിക്കുന്നത് പൈലറ്റുമാരുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യും. വിമാനത്തിലെ സെന്‍സറുകളും മറ്റ് ഉപകരണങ്ങളും തകരാറിലാകുന്നത് ആശയവിനിമയ സംവിധാനത്തെയും പ്രതിസന്ധിയിലാക്കും. 2010-ല്‍ ഫിന്‍ലന്‍ഡില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനം യൂറോപ്പിലെമ്പാടുമുള്ള വ്യോമഗതാഗതത്തെ രണ്ടാഴ്ചയോളം സ്തംഭിപ്പിച്ചത് സമാനമായ പ്രതിസന്ധിയായിരുന്നു.