ഇഎസ്എ; തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് തേടുന്നതില്‍ രാഷ്ട്രീയലക്ഷ്യം: കെ സുധാകരന്‍

Jaihind Webdesk
Friday, April 5, 2024

കണ്ണൂർ: കേരളത്തിലെ 123 വില്ലേജുകളിലെ ഇ.എസ്.എ പരിധി സംബന്ധിച്ച് (പരിസ്ഥിതി ലോലമേഖലകള്‍) മൂന്നാഴ്ചയ്ക്കുള്ളില്‍ തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പരിസ്ഥിതിലോല മേഖലയിലുള്ള ഭൂരിപക്ഷം പഞ്ചായത്തുകളും യുഡിഎഫ് ഭരിക്കുന്നതാണ്. അവരുടെ റവന്യൂഭൂമി വനഭൂമിയാക്കി രാഷ്ടീയ വിരോധം തീര്‍ക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ നടപടി. പരിസ്ഥിതി ലോലമേഖലകള്‍ നിശ്ചയിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനവകുപ്പിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്തുകളുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ 123 വില്ലേജുകളിലായി 9993.7 ച. കി. മീറ്റര്‍ ഉണ്ടായിരുന്ന പരിസ്ഥിതി ലോലപ്രദേശം 25 വില്ലേജുകളെ ഒഴിവാക്കി 98 വില്ലേജുകളായി ക്രമപ്പെടുത്തി 8711.87 ച. കി. മീറ്ററാക്കി. എന്നാല്‍ ആവശ്യമായ പ്രാദേശിക പരിശോധന നടത്താതെയാണ് ഇത്തരത്തില്‍ ക്രമപ്പെടുത്തല്‍ നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രദേശിക തലത്തില്‍ പരിശോധന നടത്തി കൃത്യമായ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ മാത്രമെ അന്തിമ വിജ്ഞാപനത്തിനായി കേന്ദ്രസര്‍ക്കാരിലേക്ക് സമര്‍പ്പിക്കാവൂ. ഇതിനായി ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ ഭൂമിയെ വനഭൂമിയാക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വെച്ച് തട്ടിക്കൂട്ടിയ കരട് റിപ്പോര്‍ട്ടാണ് പുതിയ പ്രൊപ്പോസല്‍. ഇത് അംഗീകരിക്കാനാവില്ല. കേരളത്തിലെ 12 ജില്ലകളിലായി 11 ലോക്സഭാ മണ്ഡലങ്ങളിലെ 98 വില്ലേജുകളിലെ സാധാരണക്കാരെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ ആറളം,കൊട്ടിയൂര്‍, തലശ്ശേരിയിലെ ചെറുവാഞ്ചേരി വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍ (ഇഎസ്എ) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറളം വില്ലേജിന്റെ 118.10 ച.കീറ്ററില്‍ 43.93 ച. കി.മീറ്ററും ചെറുവാഞ്ചേരി വില്ലേജിന്‍റെ 98.33 ച. കി.മീറ്ററില്‍ 76.60 ച. കി. മീറ്ററും കൊട്ടിയൂര്‍ വില്ലേജിന്‍റെ 97.65 ച.കി.മീറ്ററില്‍ 66.30 ച.കി.മീറ്ററും പരിസ്ഥിതിലോമായിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്. കണ്ണൂരിലെ മൂന്ന് വില്ലേജുകളിലെ 314.08 ച.കി.മീറ്ററില്‍ 186.83 ച.കി.മീറ്ററും ഇഎസ്എയിലാണ്. നേരത്തെ പുറത്തിറക്കിയ ഇ.എസ്.എ കരട് വിജ്ഞാപനത്തില്‍നിന്ന് കാര്യമായ മാറ്റം കണ്ണൂരിലുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വിശദമായ പരിശോധന ആവശ്യമാണ്.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ 10 വില്ലേജുകളും കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ നാല് വില്ലേജുകളും വയനാട് ജില്ലയിലെ 12 വില്ലേജുകളും ഉള്‍പ്പെടെ 26 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ്. ഇടുക്കിയിലെ അകെ 47 വില്ലേജുകളില്‍ 28 എണ്ണവും ഇഎസ്എ പരിധിയിലാണ്. മൊത്തം വിസ്ത്യതിയുടെ 3094.18 കി.മീ. ഏരിയയില്‍ 1938.97 ച.കീ. കിലോമീറ്ററും ലോലപ്രദേശമാണ്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള 98 വില്ലേജുകളിലെ 26 വില്ലേജുകളും വയനാട് ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്യമൃഗശല്യം ഇപ്പോള്‍ ഒരു ജീവല്‍ പ്രശ്നമായി മാറിയിട്ടുണ്ട്. റവന്യൂ ഭൂമി വനഭൂമി ആയിമാറുമ്പോള്‍ വനനിയമങ്ങള്‍ കര്‍ഷകരെയും ഇവിടെത്തെ പ്രദേശവാസികളെ കാര്യമായി ബാധിക്കും. മലയോര പ്രദേശവാസികളുടെ നിരാശയും ആശങ്കയും പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യാതെ തുടര്‍ച്ചയായി പറ്റിക്കുകയാണ്. പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ഈ മേഖലയിലെ ജനങ്ങളുടെ ജിവനോപാധിയും സുരക്ഷയും നിലനിര്‍ത്തേണ്ടതും പ്രധാനമാണ്. ജനവാസ മേഖലയേയും കൃഷിയിടങ്ങളെയും പൂര്‍ണ്ണമായി ഒഴിവാക്കി ഇ.എസ്.എ പരിധി നിശ്ചയിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു