ഗര്‍ഭിണിയെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മുഖത്തടിച്ചു; എറണാകുളം നോര്‍ത്ത് എസ്എച്ച്ഒയുടെ ക്രൂരത; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Jaihind News Bureau
Thursday, December 18, 2025

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുള്ളില്‍ ഗര്‍ഭിണിയായ യുവതിക്ക് നേരെ നടന്ന ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 2024-ല്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി മുഖേനയാണ് പരാതിക്കാരിയായ ഷൈമോള്‍ എന്‍.ജെക്ക് ലഭിച്ചത്. അന്നത്തെ നോര്‍ത്ത് എസ്എച്ച്ഒ പ്രതാപ ചന്ദ്രന്‍ ഷൈമോളെ മുഖത്തടിക്കുന്നതും നെഞ്ചത്ത് പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൊച്ചി സ്വദേശികളായ ബെനിനും ഭാര്യ ഷൈമോളും കുടുംബസമേതം പുറത്ത് സമയം ചെലവഴിക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. സമീപത്ത് നടന്ന ഒരു നിയമവിരുദ്ധമായ കൃത്യം ബെനിന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ അത് ഒരു എസ്ഐയുടെ മകനുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ദമ്പതികള്‍ അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ വീട്ടിലെത്തിയ ഇവരെ പൊലീസ് തിരഞ്ഞെത്തുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഈ സമയത്ത് ഷൈമോള്‍ ഗര്‍ഭിണിയായിരുന്നു എന്ന വസ്തുത പോലും പരിഗണിക്കാതെയായിരുന്നു പൊലീസിന്റെ അതിക്രമം.

മര്‍ദ്ദനമേറ്റ ഉടന്‍ തന്നെ ഷൈമോള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിലും തെളിവ് ലഭിക്കാത്തതിനാല്‍ നടപടികള്‍ വൈകി. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ക്കായി ഷൈമോള്‍ നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. വനിതാ പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് പ്രതാപ ചന്ദ്രന്‍ യുവതിയെ മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തിന് ശേഷം മറ്റ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. നിലവില്‍ അടൂരിലാണ് പ്രതാപ ചന്ദ്രന്‍ ജോലി ചെയ്യുന്നത്.
ശക്തമായ പ്രതിഷേധം

വനിതാ ഉദ്യോഗസ്ഥര്‍ അടക്കം നോക്കി നില്‍ക്കുമ്പോഴായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയെടുത്തില്ല.