Ernakulam- Nilambur Memu| എറണാകുളം-നിലമ്പൂര്‍ പുതിയ മെമു സര്‍വീസ് നിലമ്പൂരിലെത്തി; ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം

Jaihind News Bureau
Sunday, August 24, 2025

നിലമ്പൂര്‍: എറണാകുളത്ത് നിന്ന് നിലമ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ച പുതിയ മെമു ട്രെയിനിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവേശകരമായ സ്വീകരണം. രാത്രി 10:05-ന് സ്റ്റേഷനിലെത്തിയ ട്രെയിനിനെ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ മധുരം നല്‍കിയും വാദ്യമേളങ്ങളോടുകൂടിയുമാണ് വരവേറ്റത്.

ലോക്കോ പൈലറ്റിനും ആദ്യ യാത്രയിലെ യാത്രക്കാര്‍ക്കും സ്വീകരണം നല്‍കി. യു.ഡി.എഫ്. നേതാക്കളും റെയില്‍വേ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും വ്യാപാരി സമൂഹവും സ്വീകരിക്കാനെത്തിയിരുന്നു. എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള തീരുമാനം പ്രിയങ്ക ഗാന്ധി എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ എന്നിവരടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിന്റെ ഫലമായാണ് യാഥാര്‍ഥ്യമായതെന്ന് സംഘാടകര്‍ അറിയിച്ചു.

ഷൊര്‍ണൂരില്‍ വെച്ച് വി.കെ. പ്രകണ്ഠന്‍ എം.പി. ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഷൊര്‍ണൂരില്‍ നിന്ന് രാത്രി 8:35-ന് പുറപ്പെടുന്ന ട്രെയിന്‍ 10:05-ന് നിലമ്പൂരില്‍ എത്തും. ഈ പുതിയ സര്‍വീസ് നിലമ്പൂരിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.