എറണാകുളം കളക്ടർക്ക് വയനാട്ടിലേക്ക് സ്ഥലംമാറ്റം; എൻ.എസ്.കെ ഉമേഷ് പുതിയ കളക്ടർ

Jaihind Webdesk
Wednesday, March 8, 2023

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എറണാകുളം കളക്ടർ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി.  ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷാണ് പുതിയ എറണാകുളം കളക്ടർ. സ്‌നേഹിൽ കുമാറാണ് ചീഫ് സെക്രട്ടറിയുടെ പുതിയ സ്റ്റാഫ് ഓഫീസർ. തൃശൂർ ജില്ലാ കളക്ടറായിരുന്ന ഹരിത വികുമാറിനെ ആലപ്പുഴയിലേക്കും വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട്ടേക്കും മാറ്റി. ആലപ്പുഴ കലക്ടർ വി.ആർ.കെ തേജയെ തൃശൂർ കളക്ടറാക്കി.

അതേസമയം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തം വന്‍ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് എറണാകുളം ജില്ലാ കളക്ടറുടെ സ്ഥലംമാറ്റമെന്നതാണ് ശ്രദ്ധേയം. വിഷയം വിചാരണയ്ക്ക് എടുത്തപ്പോള്‍ കളക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശം നല്‍കി.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ഇന്ന് ജില്ലാ കളക്ടറും പിസിബി ചെയർമാനും കോർപ്പറേഷൻ സെക്രട്ടറിയും നേരിട്ട് ഹാജരാകണം. തദ്ദേശസെക്രട്ടറിയോട് ഓൺലൈനിൽ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.