എറണാകുളം – ബംഗളുരു വന്ദേഭാരത് സ്ഥിരം സർവീസ് ആക്കി മാറ്റണം: ജെബി മേത്തർ

Friday, August 2, 2024

 

ന്യൂഡല്‍ഹി: താത്കാലിക സര്‍വ്വീസായി ആരംഭിച്ചിട്ടുള്ള എറണാകുളം – ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വ്വീസാക്കി മാറ്റണമെന്ന് ജെബി മേത്തര്‍ എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ചും, ആറും വന്ദേഭാരത് ട്രെയിനുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ രണ്ടെണ്ണം മാത്രമാണ് ഉള്ളത്. റെയില്‍വേ വികസനത്തില്‍ കേരളത്തെ കേന്ദ്രം നിരന്തരം അവഗണിക്കുകയാണെന്നും ജെബി മേത്തർ പറഞ്ഞു.

ദക്ഷിണ റെയില്‍വേയില്‍ മികച്ച വരുമാനം ലഭിക്കുന്ന 25 സ്റ്റേഷനുകളില്‍ പതിനൊന്നും കേരളത്തിലാണ്. സംസ്ഥാനത്തെ എംപിമാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അങ്കമാലി എരുമേലി ശബരി പാതയുടെ പണി തുടങ്ങിയിട്ടില്ല. റെയില്‍വേ വികസനത്തിന് ഏറ്റവും കുറഞ്ഞ തുക അനുവദിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം. കൊച്ചുവേളി മാസ്റ്റര്‍ പ്ലാന്‍ നാലാം ഘട്ടം, എറണാകുളം കായംകുളം പാത ഇരട്ടിപ്പിക്കല്‍ എന്നിവയ്ക്കായി ബജറ്റില്‍ തുകയില്ല. തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് അനുവദിച്ച തുക പര്യാപ്തമല്ല. സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് കൂടുതല്‍ തുക അനുവദിക്കുകയും നിലവിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യണമെന്നും ജെബി  മെത്തർ ആവശ്യപ്പെട്ടു.