
കേരളം അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പോലുള്ള മഹത്തായ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, അതിന് പ്രചാരണം നല്‍കാനായി കോടീശ്വരരായ സിനിമാ താരങ്ങളെ രംഗത്തിറക്കുന്ന സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിലെ ഏറ്റവും വലിയ അശ്ലീലതയായി മാറുകയാണ്. കഞ്ഞിക്കു പോലും മാര്‍ഗ്ഗമില്ലാത്ത പാവപ്പെട്ട ജനത എവിടെ , ആഡംബര ജീവിതം നയിക്കുന്ന താരരാജാക്കന്മാര്‍ എവിടെ ? താരതമ്യം ഏതുമില്ലാത്ത ഈ രണ്ട് ധ്രുവങ്ങളെയും ഒരുമിച്ച് നിര്‍ത്തി ‘നന്മ’ പ്രസംഗിക്കാന്‍ സര്‍ക്കാരിന് എങ്ങനെയാണ് മനസ്സ് വരുന്നത്? ഇത് വെറും കപടതയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടലുമാണ്.
ദാരിദ്ര്യമറിയാത്ത, സാധാരണക്കാരന്റെ കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ സമൃദ്ധിയില്‍ കഴിയുന്ന താരങ്ങളെ അവതരിപ്പിച്ച് അതിദാരിദ്ര്യം പോലുള്ള ഗൗരവതരമായ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പ്രചാരകരാക്കുന്നത് വിരോധാഭാസമാണ്. കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര ജീവിതം നയിക്കുന്ന ഒരു വ്യക്തിക്ക്, ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നവന്റെ വേദന എങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുക? ഒരുപക്ഷേ, ജീവിതത്തില്‍ ദാരിദ്ര്യം അനുഭവിച്ചിട്ടുള്ള, സമൂഹത്തില്‍ താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരാള്‍ക്ക് ഈ പദ്ധതിക്ക് പ്രചാരണം നല്‍കിയിരുന്നെങ്കില്‍ അതിന് സത്യസന്ധതയുടെ മുഖം വരുമായിരുന്നു. എന്നാല്‍, താരങ്ങളെ ഇറക്കി തട്ടിപ്പൊലിപ്പിച്ച് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയെയാണ് കാണിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ നിരന്തരമായി ഒരുതരം ആഘോഷ മൂഡിലാണ്.
ദാരിദ്ര്യം ഒരു യാഥാര്‍ത്ഥ്യമാണ്, വിശക്കുന്നവന്റെ വയറും, കിടപ്പാടമില്ലാത്തവന്റെ നിസ്സഹായതയും, രോഗം വന്ന് ചികിത്സ കിട്ടാത്തവന്റെ കണ്ണുനീരും സിനിമയിലെ വെറും കെട്ടുകഥകളല്ല. ഈ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, കേവലം സെലിബ്രിറ്റികളുടെ ചിരിയും വാക്കുകളും കൊണ്ട് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണ്.
നല്‍കേണ്ടത് പരിഹാരമാണ്, വെറും പ്രചാരണമല്ല
അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് ഒരു രാഷ്ട്രീയ പ്രസംഗം കൊണ്ടോ, സിനിമാ താരങ്ങളുടെ ചിരിച്ച മുഖം കൊണ്ടോ അല്ല. അതിന് ദീര്‍ഘവീക്ഷണമുള്ള പദ്ധതികളും, അതിലേറെ ആത്മാര്‍ത്ഥമായ ഇടപെടലുകളും ആവശ്യമാണ്. എന്നാല്‍ അതിനെല്ലാം പകരം, താരങ്ങളെ രംഗത്തിറക്കി ഒരു ‘പബ്ലിസിറ്റി സ്റ്റണ്ട്’ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതും ഭരണകാലത്തിന്റെ അവസാന മാസങ്ങളിലാണ് ഈ കെട്ടുകാഴ്ച.
ഇത്തരം പ്രചാരണ പരിപാടികള്‍ സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയാണോ, അതോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് നടത്തുന്ന ഒരുതരം പി.ആര്‍. വര്‍ക്കാണോ? കോടിക്കണക്കിന് രൂപ താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കി പദ്ധതിക്ക് ‘ശോഭ’ കൂട്ടാന്‍ ശ്രമിക്കുമ്പോള്‍, ആ പണം ദാരിദ്ര്യം അനുഭവിക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എത്രയോ പേര്‍ക്ക് അതൊരു ആശ്വാസമായേനെ
ജനാധിപത്യത്തിലെ കപടമുഖം
ജനാധിപത്യ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ടവരാണ്. എന്നാല്‍, ഈ നീക്കം ജനങ്ങളോടുള്ള തികഞ്ഞ അവഹേളനമാണ്. കോടീശ്വരന്മാരെ മുന്‍നിര്‍ത്തി പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ജനാധിപത്യപരമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ കപടമുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും, വെറും താരപ്രഭയില്‍ വീഴുന്നവരല്ല കേരളത്തിലെ ജനങ്ങളെന്നും സര്‍ക്കാര്‍ മനസ്സിലാക്കണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനങ്ങളുടെ ദുരിതങ്ങളെ ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണം. അതിദാരിദ്ര്യം എന്നത് ഒരു പ്രചരണായുധമല്ല, മറിച്ച് അടിയന്തിരമായി പരിഹാരം കാണേണ്ട സാമൂഹിക യാഥാര്‍ത്ഥ്യമാണ്.