‘നിലവാരമില്ലാത്ത കമ്പനി, നടന്നുപോകേണ്ടി വന്നാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല’: യാത്രാവിലക്കില്‍ ഇ.പി ജയരാജന്‍

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ചതിന് യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്‍ഡിഗോയില്‍ ഇനി യാത്ര ചെയ്യില്ലെന്ന് പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന്‍. നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും നടന്നുപോകേണ്ടി വന്നാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ല. മാന്യന്മാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല’ – ഇ.പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി ജയരാജന്‍ മർദ്ദിച്ചിരുന്നു. അന്വേഷണം നടത്തിയ ഇന്‍ഡിഗോ ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയിൽ നിന്ന് ഓൺലൈൻ ഡിസ്കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നൽകാൻ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചതായും കമ്പനിയെ അറിയിച്ചു. ഇതിന് പിന്നാലെ മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments (0)
Add Comment