ന്യൂഡല്‍ഹി: സംഘർഷമുണ്ടായതിനെ തുടർന്ന് വോട്ടെടുപ്പ് പൂർണമായി തടസപ്പെട്ട മണിപ്പൂരിലെ 11 ബൂത്തുകളിൽ റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. നാളെ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെയാണ് വോട്ടെടുപ്പ്. ഇന്നർ മണിപ്പുർ ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളാണെല്ലാം. സംഘർഷത്തെ തുടർന്ന് തിരഞ്ഞെടുപ്പ് ഭാഗികമായും പൂർണമായും നിർത്തിവെച്ചതും വോട്ടിംഗ് യന്ത്രം തകർത്തതുമായ ഇരുപതോളം ബൂത്തുകൾ മണിപ്പൂരിലുണ്ടായിരുന്നു. ഇന്നർ മണിപ്പൂരിൽ പൂർണമായും ഔട്ടർ മണിപ്പൂരിൽ ചിലയിടത്തുമാണ് പോളിംഗ് നടന്നത്. അടുത്ത വെള്ളിയാഴ്ചയാണ് ഔട്ടർ മണിപ്പുർ ലോക്‌സഭാ മണ്ഡലത്തിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുക.