പകർച്ചവ്യാധി വ്യാപനം അതിരൂക്ഷം; 109 പേർക്ക് ഡെങ്കിപ്പനി, 5 ദിവസത്തെ രോ​ഗവിവരക്കണക്ക് പുറത്തുവിട്ട് ആരോ​​ഗ്യവകുപ്പ്

Jaihind Webdesk
Saturday, July 6, 2024

Fever-west-nile

 

തിരുവനന്തപുരം: ഒടുവില്‍ രോഗ വിവരക്കണക്ക് പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്. അഞ്ചു ദിവസത്തിനിടെ 493 ഡെങ്കി കേസുകൾ, 69 എലിപ്പനി കേസുകൾ, 158 എച്ച്1 എന്‍1 കേസുകള്‍, ആറ് വെസ്റ്റ് നൈൽ കേസുകളും സ്ഥിരീകരിച്ചു. അരലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമാണ്. അഞ്ച് ദിവസത്തെ കണക്ക് പുറത്തുവരുമ്പോൾ 55,830 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

ഇന്നലെ മാത്രം 11, 438 പേർ. അഞ്ച് ദിവസത്തെ കണക്ക് അനുസരിച്ച് ഡെങ്കി സംശയിക്കുന്നത് 1693 പേർക്കാണ്. സ്ഥിരീകരിച്ചത് 493 പേർക്ക്. രണ്ട് ഡെങ്കി മരണം സംശയിക്കുന്നു. 69 പേർക്ക് എലിപ്പനി, മൂന്ന് മരണം. 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു.

എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗകണക്കുകൾ ജൂലൈ 1നാണ് ആരോഗ്യവകുപ്പ് നിർത്തിവച്ചത്. ശമ്പളം കിട്ടാത്ത എന്‍എച്ച്എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചത്. ഇന്നലെ എന്‍എച്ച്എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീകരിച്ചത്. കണക്ക് പുറത്തുവിടാത്തിൽ ഓദ്യോഗിക വിശദീകരണമൊന്നും സർക്കാർ നൽകിയിരുന്നില്ല. കുത്തനെ ഉയരുന്ന പനികണക്ക് സൂചിപ്പിക്കുന്നത് വിട്ടുവീഴ്ചയില്ലാത്തെ ജാഗ്രത വേണമെന്ന് തന്നെയാണ്.