സോളാർ ആളിക്കത്തിക്കണമെന്ന് ഇ.പി. ജയരാജന്‍ ആവശ്യപ്പെട്ടു; സജി ചെറിയാന്‍ പരാതിക്കാരിയുമായി അടച്ചിട്ട മുറിയില്‍ ചർച്ച നടത്തി: വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍

Jaihind Webdesk
Wednesday, September 13, 2023

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തത് കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞിട്ടെന്ന് പരാതിക്കാരിയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ശരണ്യ മനോജാണ് കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തത്. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സോളാര്‍ കേസ് ആളിക്കത്തിക്കണമെന്ന് ഇ.പി. ജയരാജന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ തന്‍റെ വീട്ടിലെത്തി പരാതിക്കാരിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി.

ഗണേഷ് കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ശരണ്യ മനോജാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേരെഴുതി ചേര്‍ത്തതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ഗണേഷ് കുമാര്‍ പീഡിപ്പിച്ചതായി ആദ്യ നിവേദനത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

സജി ചെറിയാന്‍റെയും ഇ.പി. ജയരാജന്‍റെയും പങ്കിനെകുറിച്ചും ഫെന്നി വിശദീകരിച്ചു . സജി ചെറിയാന്‍ തന്‍റെ വീട്ടിലെത്തിയാണ് പരാതിക്കാരിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് താന്‍ പറഞ്ഞതൊക്കെ പരാതിക്കാരി റെക്കോര്‍ഡ് ചെയ്തോ എന്ന ആശങ്കയോടെയാണ് സജി ചെറിയാന്‍ വീടിനു പുറത്തേക്കിറങ്ങിയതെന്നും ഫെനി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സോളാര്‍ കേസ് ആളിക്കത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി. ജയരാജന്‍ തന്നെ കൊല്ലം ഗസ്റ്റ് ഹൗസില്‍ വെച്ച് കണ്ടിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. കത്തില്‍ നിന്ന് ചിലരെയൊക്കെ ഒഴിവാക്കണമെന്നും ചിലരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കമെന്നും ആവശ്യപ്പെട്ട് വെളളാപ്പളളി നടേശന്‍ ഫോണില്‍ വിളിച്ചിരുന്നുവെന്നും ഫെനി പറഞ്ഞു.