‘എകെജി സെന്‍റര്‍ ആക്രമണം ഇ.പി ജയരാജന്‍റെ തിരക്കഥ; കോണ്‍ഗ്രസിന് പങ്കില്ല’: കെപിസിസി പ്രസിഡന്‍റ്

Jaihind Webdesk
Friday, July 1, 2022

കണ്ണൂർ: എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രണം എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍റെ തിരക്കഥയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വിമാനത്തിലെ പ്രതിഷേധത്തിന്‍റെ പിന്നിലും ജയരാജന്‍റെ തിരക്കഥയാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

“രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകർത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ,പാർട്ടിയുടെ ദേശീയ നേതാവ് സംസ്ഥാനം സന്ദർശിക്കുന്ന ദിവസം അദ്ദേഹം ആദ്യമായി കേരളത്തിൽ കടന്നു വരുന്ന ദിവസം അതിന്‍റെ പ്രചാരണവും ഗാംഭീര്യവും തകർക്കാൻ കോൺഗ്രസിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു അക്രമണം ഉണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരാണ് മണ്ടന്മാർ. കോൺഗ്രസുകാരാണ് ഇതിന് പിന്നിലെന്ന് ആദ്യം പറഞ്ഞത് ഇ.പി ജയരാജനാണ്. എകെജി സെന്‍ററിന് എല്ലാ സ്ഥലത്തും സിസി ടിവി ക്യാമറകളുണ്ട്. എകെജി സെന്‍ററുമായി പരിചയം ഇല്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ ഒരു ആക്രമണം നടത്തി തിരിച്ചു പോകാൻ സാധിക്കുമോ?” – കെ സുധാകരന്‍ എംപി ചോദിച്ചു.

വിമാനത്തിലെ പ്രതിഷേധത്തിന്‍റെ കഥയും തിരക്കഥയും ഇ.പി ജയരാജന്‍റേതാണ്. എകെജി സെന്‍റര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം കോൺഗ്രസിന്‍റെ പുറത്ത് കെട്ടിവെക്കാനും രാഹുൽ ഗാന്ധിയുടെ ഇന്നത്തെ വരവിന്‍റെ പ്രതിച്ഛായ തകർക്കാനും ഇ.പി ജയരാജൻ പേഴ്സണലായി നടത്തിയ നാടകമാണിതെന്നും അദ്ദേഹം പറഞ്ഞു.