സിപിഎം ജാഥയില്‍ പങ്കെടുക്കാത്ത ഇ.പി ജയരാജന്‍, വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിനൊപ്പം ചടങ്ങില്‍; വീണ്ടും വിവാദം

Jaihind Webdesk
Friday, February 24, 2023

 

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തുന്ന സംസ്ഥാന ജാഥയിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍റെ അസാന്നിധ്യം ചർച്ചയാകുന്നതിനിടെ വിവാദ ദല്ലാൾ നന്ദകുമാർ സംഘടിപ്പിച്ച പരിപാടിയിൽ ഇ.പി ജയരാജൻ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. കൊച്ചിയിൽ നന്ദകുമാറിന്‍റെ മാതാവിനെ ആദരിക്കുന്ന ചടങ്ങിലാണ് ഇ.പി പങ്കെടുത്തത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുമായി ഇ.പി ജയരാജൻ സഹകരിക്കുന്നില്ലെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന് തലേദിവസമാണ് എറണാകുളത്ത് എത്തി ഇ.പി ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തിരിക്കുന്നത്. കെ.വി തോമസിനൊപ്പമാണ് ഇ.പി, ക്ഷേത്രത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തത്.

സിപിഎമ്മിന്‍റെ ജാഥ കഴിഞ്ഞദിവസം ഇ.പി ജയരാജന്‍റെ സ്വന്തം തട്ടകമായ കണ്ണൂർ ജില്ലയിൽ എത്തിയപ്പോൾ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. മാധ്യമ പ്രവർത്തകർ ഇക്കാര്യം എം.വി ഗോവിന്ദനോട് ചോദിച്ചപ്പോൾ കൃത്യമായി മറുപടി ഉണ്ടായിരുന്നില്ല. കാസർഗോഡ് ഉപ്പളയിൽ നടന്ന ഉദ്ഘാടന ചടങ്ങിലും ജയരാജൻ പങ്കെടുത്തിരുന്നില്ല. എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറി ആകുന്നതിനോട് ഇ.പിയക്ക് യോജിപ്പില്ലായിരുന്നു. പലവട്ടം അദ്ദേഹം അത് പ്രകടിപ്പിച്ചു. പി ജയരാജൻ ഉയർത്തിയ റിസോർട്ട് അഴിമതി ആരോപണത്തിന് പിന്നിൽ എം.വി ഗോവിന്ദനും പങ്കുണ്ടെന്ന സംശയത്തിലാണ് ഇ.പി ജയരാജൻ. എന്നാൽ ഇ.പി ജയരാജൻ ജാഥയിൽ പങ്കെടുക്കാത്തത് മറ്റ് പാർട്ടി പരിപാടികൾ ഉള്ളതുകൊണ്ടാണെന്ന് വിശദീകരിക്കുന്ന പാർട്ടി നേതൃത്വം, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോയ്ക്കും മറുപടി പറയേണ്ട അവസ്ഥയിലാണ്. എറണാകുളം ജില്ലയിൽ ജയരാജൻ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ജില്ലയിലെ നേതാക്കളുടെ അസാന്നിധ്യവും ചർച്ചയാവുകയാണ്.