ആത്മകഥയെഴുതാന്‍ ഇ.പി. ജയരാജന്‍; രാഷ്ട്രീയ വിവാദങ്ങള്‍ തുറന്നെഴുതുമെന്ന് സൂചന

Sunday, September 1, 2024

 

തിരുവനന്തപുരം: ആത്മകഥ എഴുതാന്‍ ഒരുങ്ങി എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സിപിഎം നേതാവ് ഇ.പി. ജയരാജൻ. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും തുറന്നെഴുതുന്ന ഇ.പി. ജയരാജന്‍റെ ആത്മകഥ ഉടൻ പുറത്തിറങ്ങും. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ഇപിയെ നീക്കിയത്.

മുന്നണി കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കിയതില്‍ ഇ.പി. ജയരാജന്‍ അതൃപ്തനാണ്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇപിയുടെ സ്ഥാനം തെറിപ്പിച്ചതിന് പിന്നിലെന്ന പൊതുധാരണയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ സമീപകാല വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇപിയെ ബലിയാടാക്കിയതിലൂടെ സിപിഎം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഇപി, ബിജെപി നേതൃത്വവുമായി ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവർ ആരോപിച്ചു. എന്തായാലും പുറത്താക്കലില്‍ ഇ.പി. ജയരാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമയമാകുമ്പോള്‍ അറിയിക്കാം എന്നു മാത്രമായിരുന്നു മാധ്യമങ്ങളോട് ജയരാജന്‍ പറഞ്ഞത്. എന്തായാലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ഇ.പി. ജയരാജന്‍റെ ആത്മകഥയില്‍  എന്തൊക്കെ തുറന്നുപറച്ചിലുകള്‍ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയലോകം.